ഹൈദരാബാദ്: തന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ 2: ദ റൂള്‍’ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം ചൂണ്ടിക്കാട്ടി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണവുമായി എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി. അല്ലു അര്‍ജുന്റെ വിവേചനരഹിതമായ പെരുമാറ്റത്തിനും ഉത്തരവാദിത്വമില്ലായ്മയ്ക്കും എതിരെ ആഞ്ഞടിച്ചു അദ്ദേഹം .
തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിട്ടും അല്ലു അര്‍ജുന്‍ സിനിമ കണ്ടെന്നും പോകുമ്പോള്‍ ആരാധകര്‍ക്ക് നേരെ കൈവീശി കാണിക്കുക പോലും ചെയ്‌തെന്നും തെലങ്കാന നിയമസഭയില്‍ എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി ആരോപിച്ചു.
മാത്രമല്ല, തനിക്ക് ലഭിച്ച വിവരമനുസരിച്ച് തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചെന്ന് അല്ലു അര്‍ജുനെ അറിയിച്ചപ്പോള്‍ ‘ഇപ്പോള്‍ സിനിമ ഹിറ്റാകുമെന്ന്’ മറുപടി പറഞ്ഞതായും ഒവൈസി പറഞ്ഞു.ആയിരങ്ങള്‍ വരുന്ന പൊതുയോഗങ്ങളിലും ഞാനും പോകാറുണ്ട്. എന്നാല്‍ തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പാക്കുന്നു, ഒവൈസി പറഞ്ഞു.
ഡിസംബര്‍ 4 ന് അല്ലു അര്‍ജുനെ കാണാന്‍ ധാരാളം ആരാധകര്‍ ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ തടിച്ചുകൂടിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. സംഭവത്തില്‍ 39 കാരിയായ സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മകന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തിരുന്നു .
തിരക്ക് കൈകാര്യം ചെയ്യാന്‍ തിയേറ്റര്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13 നാണ് അല്ലു അര്‍ജുനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കീഴ്ക്കോടതി നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും അതേ ദിവസം തന്നെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍, ജാമ്യ ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭിക്കാന്‍ വൈകിയതിനാല്‍ നടന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്നു.
അതേസമയം, പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അര്‍ജുന്‍ പുഷ്പ 2 ന്റെ പ്രദര്‍ശനത്തില്‍ പങ്കെടുത്തതായി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അവകാശപ്പെട്ടു. മാത്രമല്ല, തീയറ്ററില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും നടന്‍ തന്റെ കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റ് നില്‍ക്കുകയും ജനക്കൂട്ടത്തിന് നേരെ കൈവീശുകയും ചെയ്തുവെന്നും റെഡ്ഡി പറഞ്ഞു.