മോസ്‌കോ: വിമത അട്ടിമറിയെത്തുടര്‍ന്ന് സിറിയയില്‍നിന്നു കടന്ന മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്പത്ത് നേരത്തെ തന്നെ റഷ്യയിലേക്ക് കടത്തിയിരുന്നതായി റിപ്പോര്‍ട്ട്. അസദ് ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളര്‍ (ഏകദേശം 2120 കോടി രൂപ) പണമായി അയച്ചതായി ഫിനാന്‍ഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. നൂറിന്റെ ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു ഇതില്‍. വിലക്ക് നേരിടുന്ന ഒരു റഷ്യന്‍ ബാങ്കില്‍ 2018- 19 കാലത്ത് ഈ പണം നിക്ഷേപിച്ചതായാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്ത് റഷ്യയുടെ സൈനിക സഹായത്താലാണ് അസദ് വിമത സംഘങ്ങളെ അടിച്ചമര്‍ത്തിയിരുന്നത്. റഷ്യയില്‍ അസദിന്റെ ബന്ധുക്കള്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം റഷ്യയിലേക്ക് കടത്തിയ സമയത്ത് റഷ്യയുടെ സൈനിക സഹായവും കൂലിപ്പട്ടാളമായ വാഗ്നര്‍ സംഘവും സിറിയയില്‍ ഉണ്ടായിരുന്നു. വിമതര്‍ക്കെതിരായ ആക്രമണത്തിന് സര്‍ക്കാര്‍ സേനയെ സഹായിക്കലായിരുന്നു ഇവരുടെ ദൗത്യം. സിറിയ്ക്ക് മേല്‍ പാശ്ചാത്യരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധമടക്കം ഏര്‍പ്പെടുത്തിയിരുന്നതിനാലാണ് നോട്ടുകളായി പണം റഷ്യയിലേക്ക് കടത്തിയതെന്നാണ് കരുതുന്നത്.
നേരത്തെ സിറിയയില്‍നിന്നു കടന്ന മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു. വിമതസംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദിനെ രാജ്യം വിടാന്‍ സഹായിച്ചതായാണ് റഷ്യ സ്ഥിരീകരിച്ചത്.
വിമതര്‍ രാജ്യം പിടിച്ചടക്കിയതിനേത്തുടര്‍ന്ന് അസദിനെ മോസ്‌കോയിലേക്ക് ‘സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയില്‍’ കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് അവകാശപ്പെട്ടു. പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍, അസദ് എവിടെയുണ്ടെന്ന് പെസ്‌കോവ് പറഞ്ഞില്ല. റഷ്യ, അസദിനെ വിചാരണയ്ക്കായി കൈമാറുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ച കണ്‍വെന്‍ഷനില്‍ റഷ്യ ഒരു കക്ഷിയല്ലെന്നാണ് സെര്‍ജി റിയാബ്‌കോവ് മറുപടി പറഞ്ഞത്.
ആഭ്യന്തര യുദ്ധത്തില്‍ അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു റഷ്യ. 2011 മുതല്‍ 2016 വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു റഷ്യ. 50 വര്‍ഷത്തിലേറെയായി സിറിയ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭരണം നിലനിര്‍ത്താന്‍ അവര്‍ കൈ അയച്ചു സഹായിച്ചിരുന്നു.