പാരീസ്: ഒരാഴ്ചത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ദീർഘകാലസഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ(മോഡെം) അധ്യക്ഷൻ ഫ്രാൻസ്വാ ബായ്‌റുവിനെ(73) പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാമനിർദേശംചെയ്തു. മാക്രോണിന്റെ മധ്യകക്ഷിസഖ്യത്തിൽ നിർണായകപങ്കാളിയാണ് ബായ്റുവിന്റെ പാർട്ടി.രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട അനുഭവസമ്പത്തുള്ള ബായ്‌റു 2004 മുതൽ യൂറോപ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷനാണ്. 2007-ലാണ് അദ്ദേഹം മോഡെം സ്ഥാപിച്ചത്. 1993 മുതൽ 1997 വരെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. 1986 മുതൽ 2012 വരെ പൈറനീസ്-അറ്റ്‌ലാന്റിക്കിൽനിന്നുള്ള പാർലമെന്റംഗമായിരുന്നു. യൂറോപ്യൻ പാർലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസിൽ ഈയിടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഡിസംബർ അഞ്ചിനാണ് ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി മിഷേൽ ബാർണിയറെ പ്രതിപക്ഷപാർട്ടികൾ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയത്.1962-നുശേഷം അവിശ്വാസപ്രമേയത്തിലൂടെ ഫ്രാൻസിൽ അധികാരത്തിൽനിന്ന് പുറത്താകുന്ന ആദ്യ സർക്കാരായിരുന്നു ബാർണിയറുടേത്. പ്രസിഡന്റ് കാലാവധി 2027 വരെയുള്ളതിനാൽ രാജിവെക്കില്ലെന്നും പുതിയ സർക്കാരിനെ നിയമിക്കുമെന്നും മാക്രോൺ പ്രഖ്യാപിച്ചിരുന്നു. ജൂലായിൽനടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാഞ്ഞതോടെ രണ്ടുമാസംനീണ്ട അനിശ്ചിതത്വത്തിനുശേഷമായിരുന്നു മാക്രോൺ, ബാർണിയറെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.