മെൽബൺ: ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ ലബോറട്ടറിയിൽ നിന്ന് ആക്ടീവായ വൈറസ് സാമ്പിളുകൾ കാണാതായി. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഗുരുതരമായ ലംഘനത്തിൽ’ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
കോവിഡടക്കമുള്ള പകര്‍ച്ചവ്യാധികളിലൂടെ കടന്നുപോയ ലോകത്തെ ഞെട്ടിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഹെൻഡ്ര വൈറസ്, ലിസാവൈറസ്, ഹാൻ്റവൈറസ് എന്നിവയുൾപ്പെടെ ആക്ടീവായ മാരക വൈറസുകളുടെ 323 സാമ്പിളുകൾ കാണാതായതായി ക്വീൻസ്ലാൻഡ് ആരോഗ്യമന്ത്രി ടിം നിക്കോൾസ് അറിയിച്ചു.
1990-കളുടെ മധ്യത്തിലാണ് ഹെൻഡ്ര വൈറസ് ഓസ്‌ട്രേലിയയിൽ കണ്ടെത്തിയത്. കുതിരകളില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്ന് ഒട്ടേറെ പേരുടെ മരണത്തിന് കാരണമായ വൈറസാണ് ഹെൻഡ്ര. മരണത്തിനുള്‍പ്പെടെ കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് ഹാൻ്റവൈറസ്. റാബിസിന് കാരണമാകുന്നതാണ് ലിസാവൈറസ്.2023 ഓഗസ്റ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. കാണാതായ 98 സാമ്പിളുകളില്‍ മാരകമായ ഹെൻഡ്ര വൈറസ് അടങ്ങിയിട്ടുണ്ട്. രണ്ട് സാമ്പിളുകളില്‍ ഹാൻ്റവൈറസും, 223 സാമ്പിളുകളില്‍ ലിസാവൈറസുമാണ് അടങ്ങിയിട്ടുള്ളത്.
പ്രാഥമിക അന്വേഷണത്തില്‍ വൈറസുകൾ നശിപ്പിക്കപ്പെടുകയോ സുരക്ഷിതമായി നീക്കം ചെയ്‌തോ എന്ന നിഗമനത്തിലെത്താൻ ലാബിന് കഴിഞ്ഞിട്ടില്ല, എന്നാൽ അവ മോഷ്ടിക്കപ്പെട്ടതായി കാണുന്നില്ല. ഇതോടെയാണ് വിശദ അന്വേഷണം പ്രഖ്യാപിച്ചത്.
അതിനിടെ കാണാതായ വൈറസുകള്‍ ഏതെങ്കിലും വിധത്തിൽ ആയുധമാക്കിയതായി അറിയില്ലെന്ന് ക്വീൻസ്ലാൻഡ് ആരോഗ്യമന്ത്രി ടിം നിക്കോൾസ് പറഞ്ഞു. ‘ഒരു വൈറസിനെ ആയുധമാക്കുന്ന പ്രക്രിയ വളരെ സങ്കീർണ്ണമാണ്, സാധാരണക്കാരന് അത് കഴിയില്ല, അന്വേഷണം പുരോഗമിക്കുകയാണ്’– ടിം നിക്കോൾസ് കൂട്ടിചേര്‍ത്തു.