Monday, December 23, 2024
HomeAmericaഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ

ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ

സാൻ ഫ്രാൻസിസ്‌കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ. ഇന്ത്യൻ വംശജനായ സുചിർ ബാലാജിയെ സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരനായ സുചിർ നേരത്തെ ഓപ്പൺഎഐയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഗവേഷകനായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് സുചിർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ സുചിറിന്റെ അപ്പാർട്മെന്റിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് സുചിറിനെ അന്വേഷിച്ച് പൊലീസ് ബുക്കാനൻ സ്ട്രീറ്റ് അപ്പാർട്ട്മെൻ്റിൽ എത്തിയത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം 26 ന് നടന്ന മരണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.

2020 മുതൽ 2024 ഓഗസ്റ്റ് വരെ ഓപ്പൺ എഐയിൽ ജീവനക്കാരനായിരുന്നു സുചിർ. ഒക്ടോബറിൽ, ഓപ്പൺഎഐ പകർപ്പവകാശ നിയമം ലംഘിക്കുന്നുവെന്ന് സുചിർ ബാലാജി ആരോപണം ഉന്നയിച്ചിരുന്നു. ഓപ്പൺഎഐയുടെ ജനറേറ്റീവ് എഐ സെര്‍ച്ച് ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിന്, പകർപ്പവകാശമുള്ള വിവരങ്ങള്‍‌ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യാ കണ്ടുപിടിത്തങ്ങള്‍ ഇന്റർനെറ്റിനെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനുമതിയില്ലാതെ വ്യക്തികളുടെയും ബിസിനസുകളുടെയും സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും സുചിർ ന്യൂയോർക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ തുറന്നു സംസാരിച്ചിരുന്നു.

2015-ൽ ഇലോൺ മസ്‌കും സാം ആൾട്ട്‌മാനും ചേർന്നാണ് ഓപ്പൺഎഐ സ്ഥാപിച്ചത്. മൂന്ന് വർഷത്തിന് ശേഷം, മസ്‌ക് ഓപ്പൺഎഐ വിട്ട് മറ്റൊരു സ്റ്റാർട്ട്-അപ്പ് ആയ എക്‌സ്എഐ സ്ഥാപിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments