ദോഹ : ഖത്തറിന്‍റെ 21,020 കോടി റിയാലിന്‍റെ ചെലവും 19,700 കോടി റിയാലിന്‍റെ വരുമാനവും പ്രതീക്ഷിക്കുന്ന 2025 ലെ പൊതു ബജറ്റ് പ്രഖ്യാപിച്ചു. 1,320 കോടി റിയാലിന്‍റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. പൊതുബജറ്റിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ഇന്ന് അംഗീകാരം നല്‍കിയത്
നടപ്പു വര്‍ഷത്തെ അപേക്ഷിച്ച് 2025 ലെ പ്രതീക്ഷിത വരുമാനത്തില്‍ 2.5 ശതമാനമാണ് കുറവെന്ന് ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ ഖുവാരി വ്യക്തമാക്കി. എണ്ണ വില ബാരലിന് 60 ഡോളര്‍ കണക്കാക്കിയുള്ളതാണ് 2025 ലെ ബജറ്റ്. ചെലവഴിക്കലിൽ സ്ഥിരത ഉറപ്പാക്കുകയും സാമ്പത്തിക വഴക്കം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. നടപ്പുവർഷത്തെ ബജറ്റും എണ്ണവില ബാരലിന് 60 ഡോളര്‍ കണക്കാക്കിയുള്ളതാണ്.
മൊത്തം ചെലവിന്‍റെ കാര്യത്തില്‍ 2024നെ അപേക്ഷിച്ച് 4.6 ശതമാനമാണ് തുക വർധിപ്പിച്ചിരിക്കുന്നത്. എണ്ണ–വാതക വരുമാനം 15,400 കോടി റിയാലാണ് പ്രതീക്ഷിക്കുന്നത്. നടപ്പു വർഷത്തേക്കാൾ 3.1 ശതമാനം കുറവാണിത്. 2024 ൽ 15,900 കോടി റിയാൽ ആണ് പ്രതീക്ഷിച്ചത്. അതേ സമയം എണ്ണ ഇതര മേഖലയില്‍ നിന്നുള്ള വരുമാനം 4,300 കോടി റിയാല്‍ ആണ് കണക്കാക്കിയിരിക്കുന്നത്. നടപ്പു വർഷത്തേതിൽ നിന്ന് വ്യത്യാസപ്പെടുത്തിയിട്ടില്ല.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്കായി മൊത്തം ബജറ്റിന്‍റെ 20 ശതമാനമാണ് അനുവദിച്ചിരിക്കുന്നത്–4,140 കോടി റിയാൽ. വേതന മേഖലയ്ക്കായി 6,750 കോടി റിയാൽ ആണ് നീക്കിയിരിക്കുന്നത്. നടപ്പു വർഷത്തേക്കാൾ 5.5 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നിലവിലെ ചെലവുകള്‍ക്ക് 6.3 ശതമാനവും സെക്കൻഡറി മൂലധന ചെലവുകള്‍ക്കായ 7.7 ശതമാനവും അധികമാണ് അടുത്ത ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. വന്‍കിട മൂലധന ചെലവില്‍ 1.4 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. വികസന പദ്ധതികളുടെ പൂർത്തീകരണത്തിനു വേണ്ടിയാണിത്. .