Monday, December 23, 2024
HomeIndiaകഠിനമായ പരിശ്രമത്തിനൊടുവില്‍ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി സമൈറ  

കഠിനമായ പരിശ്രമത്തിനൊടുവില്‍ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി സമൈറ  

ബംഗളൂരു: മുമ്പ് പ്രശസ്തമായ ബീജാപൂര്‍ ഉത്സവില്‍ ഹെലികോപ്ടര്‍ പറത്താന്‍ അവസരം ലഭിച്ചതോടെയാണ് പൈലറ്റാകുകയെന്ന സ്വപ്‌നം സമൈറയില്‍ പൊട്ടിമുളച്ചത്. കഠിനമായ പരിശ്രമത്തിനൊടുവില്‍ 18 മത്തെ വയസ്സില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് (CPL) നേടുമ്പോള്‍ സമീറ സ്വന്തമാക്കിയത് രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ ആളെന്ന റെക്കോഡ് കൂടിയാണ്. കര്‍ണാടകയിലെ വിജയപുര നഗരത്തില്‍ നിന്നുള്ള സമൈറ വ്യവസായി അമീന്‍ ഹുള്ളൂരിന്റെ മകളാണ്. വിനോദ് യാദവ് ഏവിയേഷന്‍ അക്കാദമിയില്‍ ആറുമാസത്തെ തീവ്ര പരിശീലന പരിപാടി പൂര്‍ത്തിയാക്കിയാണ് സ്വപ്‌ന യാത്രയ്ക്ക് സമൈറ തുടക്കംകുറിച്ചത്. ക്യാപ്റ്റന്‍ തപേഷ് കുമാറിന്റെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ ആദ്യ ശ്രമത്തില്‍ തന്നെ സമൈറ എല്ലാ പൈലറ്റ് പരീക്ഷകളും വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. 

ചെറിയ വിമാനം പറത്തുന്നത് ഉള്‍പ്പെടെ ആറ് സെഷനുകള്‍ ആണ് സമൈറ പൂര്‍ത്തിയാക്കിയത്. 200 മണിക്കൂര്‍ ഫ്‌ലൈയിംഗ് എക്‌സിപീരിയന്‍സും സമൈറക്കുണ്ട്. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള കാര്‍വര്‍ ഏവിയേഷന്‍ അക്കാദമിയില്‍ ഏഴ് മാസത്തെ ഫ്‌ലൈറ്റ് പരിശീലന വിദ്യാര്‍ഥിനിയാണ് സമൈറ.പത്താം ക്ലാസ് 15 മത്തെ വയസ്സിലും പ്ലസ്ടുവും 17 മത്തെ വയസ്സിലും പൂര്‍ത്തിയാക്കി. സൈനിക് സ്‌കൂളുകള്‍, ശിശു നികേതന്‍, ശാന്തി നികേതന്‍ എന്നിവിടങ്ങളിലായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടത്തിയ ആറ് പരീക്ഷകളില്‍ അഞ്ചെണ്ണവും സമൈറ വിജയിച്ചു. റേഡിയോ ട്രാന്‍സ്മിഷന്‍ ടെക്‌നോളജി പേപ്പറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും, അതിനുള്ള യോഗ്യതയായ 18 തികയാത്തത് കാരണം സമൈറക്ക് കഴിഞ്ഞില്ല. 18 തികഞ്ഞ ഉടന്‍ അതും എഴുതി, വിജയിക്കുകയും ചെയ്തു. പരീക്ഷകള്‍ കടുപ്പമേറിയതാണെങ്കിലും ആദ്യ ശ്രമത്തില്‍ തന്നെ അവള്‍ വിജയിച്ചു- പിതാവ് അമീന്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം സംസ്ഥാന ശരാശരിയേക്കാള്‍ കുറവുള്ള വടക്കന്‍ കര്‍ണാടകയിലെ പിന്നാക്കാവസ്ഥയിലുള്ള മറ്റ് നിരവധി പെണ്‍കുട്ടികള്‍ക്ക് സമൈറ പ്രചോദനമാണ്- കര്‍ണാടക അക്ക മഹാദേവി വനിതാ സര്‍വകലാശാലയിലെ ജേണലിസം വിഭാഗം പ്രൊഫസറും മേധാവിയുമായ ഓംകാര്‍ കകഡെ പറഞ്ഞു. ഞങ്ങള്‍ അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു. അവളുടെ തീരുമാനത്തെ പിന്തുണച്ച മാതാപിതാക്കളോട് നന്ദിയുണ്ട്,’ ഡോ. കകഡെ പറഞ്ഞു.തന്റെ നേട്ടത്തിനെല്ലാം സമൈറ കടപ്പാട് അറിയിക്കുന്നത് മാതാപിതാക്കളോടാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments