വാഷിങ്ടൺ ഡിസി: ഫലസ്തീൻ അനുകൂല പ്രബന്ധം എഴുതിയതിന് ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാലയായ എംഐടി (മാസച്യൂസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി). പ്രഹ്ലാദ് അയ്യങ്കാർ എന്ന് പിഎച്ച്ഡി വിദ്യാർഥിയെയാണ് 2026 ജനുവരി വരെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. റിട്ടൺ റെവല്യൂഷൻ എന്ന് വിദ്യാർഥി മാഗസിനിലാണ് പ്രഹ്ലാദ് തന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രബന്ധം അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പറഞ്ഞാണ് പ്രഹ്ലാദിനെതിരെ സർവകലാശാല നടപടിയെടുത്തത്. മാഗസീൻ സർവകലാശാല നിരോധിച്ചു.
അഞ്ച് വർഷത്തെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ഗ്രാജ്യുവേറ്റ് റിസർച്ച് ഫെല്ലോഷിപ്പ് അവസാനിക്കുന്നതിനാൽ പ്രഹ്ലാദിന്റെ പഠനം നിലവിൽ അനിശ്ചിതത്വത്തിലാണ്.
അമേരിക്കൻ കാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്രൃം നേരിടുന്ന വെല്ലുവിളിയാണ് തനിക്കെതിരായ നടപടി ഉയർത്തിക്കാണിക്കുന്നതെന്ന് സസ്‌പെൻഷനോട് പ്രതികരിച്ച് പ്രഹ്ലാദ് പറഞ്ഞു.
പ്രഹ്ലാദ് ലേഖനത്തിലുപയോഗിച്ചത് കാംപസിൽ അക്രമാസക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ഭാഷയാണെന്നാണ് എംഐടി സംഭവത്തിൽ പ്രതികരിച്ചത്. ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന പ്രഹ്ലാദ് ഇത് രണ്ടാം തവണയാണ് സസ്‌പെൻഷനിരയാകുന്നത്. കഴിഞ്ഞ വർഷവും പ്രഹ്ലാദിനെ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഡ് ചെയ്തത്.