വാഷിങ്ടൺ: വലുപ്പം നാലുചതുരശ്രസെന്റീമീറ്ററേയുള്ളൂ. പക്ഷേ, പ്രപഞ്ചത്തിന്റെ പ്രായത്തെക്കാളധികം വർഷംകൊണ്ട് തീർക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളിൽ ചെയ്തുതീർക്കും. ഗൂഗിൾ വികസിപ്പിച്ച പുതിയ കംപ്യൂട്ടർ ചിപ്പാണ് ഈ അതിവേഗ പണിയാൾ. പേര് ‘വില്ലോ’.ലോകത്ത് പരമ്പരാഗതമായുപയോഗിച്ചുവരുന്ന വേഗരാജാക്കളായ കംപ്യൂട്ടറുകൾ 10 സെപ്റ്റില്യൺ (ഒന്നിനുശേഷം 25 പൂജ്യം വരുന്ന സംഖ്യ) വർഷംകൊണ്ട് ചെയ്തുതീർക്കുന്ന ജോലിയാണ് ഈ ചിപ്പ് അഞ്ചുമിനിറ്റുകൊണ്ടു ചെയ്തുതീർക്കുക.
കാലിഫോർണിയയിലെ സാന്റ ബാർബാറയിലാണ് ചിപ്പ് നിർമിച്ചത്. ‘ആഫ്റ്റർ എയ്റ്റ് മിന്റ്’ എന്ന ചോക്‌ലറ്റിന്റെ വലുപ്പമാണതിന്. താരതമ്യേന കുറഞ്ഞ തെറ്റുകളേ വരുത്തുന്നുള്ളൂയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കംപ്യൂട്ടറുകളുടെ ശേഷി വർധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിർമിതബുദ്ധിയിലും ചിപ്പ് വിപ്ലവകരമായമാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ നിർണായക കണ്ടെത്തൽകൂടിയാണിത്