Monday, December 23, 2024
HomeAmericaമേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് സോക്കര്‍ ക്ലബ് Inc. റാഫിള്‍ ലോഞ്ച് ഇവന്റോടെ 2025 സീസണിന് തുടക്കം കുറിച്ചു

മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് സോക്കര്‍ ക്ലബ് Inc. റാഫിള്‍ ലോഞ്ച് ഇവന്റോടെ 2025 സീസണിന് തുടക്കം കുറിച്ചു

ഗെയ്‌തേഴ്‌സ്ബര്‍ഗ്, മേരിലാന്‍ഡ്: മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് സോക്കര്‍ ക്ലബിന്റെ 2025 സീസണ്‍ ഗെയ്‌തേഴ്‌സ്ബര്‍ഗിലെ ഹിഡന്‍ ക്രീക്ക് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന റാഫിള്‍ കിക്ക്ഓഫ് ഇവന്റോടെ ആരംഭിച്ചു. യുവ കായികതാരങ്ങളെ പിന്തുണയ്ക്കുക, കായിക അവസരങ്ങള്‍ വിപുലീകരിക്കുക, അമേരിക്കയില്‍ നിന്നുള്ള വിവിധ ടീമുകളെ ഉള്‍പ്പെടുത്തി രണ്ടാമത്തെ ക്യാപിറ്റല്‍ കപ്പ് ടൂര്‍ണമെന്റ് വലിയ തോതില്‍ സംഘടിപ്പിക്കുക എന്നിവയാണ് ധനസമാഹരണം ലക്ഷ്യമിടുന്നത്.

എംഡി സ്‌ട്രൈക്കേഴ്‌സിന്റെ അനുയായികളും കുടുംബങ്ങളും ഉൾപ്പടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. റിയല്‍റ്ററും നിക്ഷേപകനുമായ സെബാസ്റ്റ്യന്‍ മാണിക്കത്ത്, ഫൊക്കാന വൈസ് പ്രസിഡന്റും റിയല്‍ എസ്റ്റേറ്റ് ബാങ്കറുമായ വിപിന്‍ രാജ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഷിബു സാമുവല്‍, 2025 കെഎജിഡബ്ല്യു പ്രസിഡന്റ് ജെന്‍സണ്‍ ജോസ്, എംഡി സ്‌ട്രൈക്കേഴ്‌സ് പ്രൊമോട്ടറും ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റുമായ റെജി തോമസ്, ജനറല്‍ മാനേജര്‍ ഡോ. മധു നമ്പ്യാര്‍, പ്രസിഡന്റ് നോബിള്‍ ജോസഫ് എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. ഡോ.നമ്പ്യാര്‍ പ്രാര്‍ത്ഥനാ ഗാനത്തിനും നേതൃത്വം നല്‍കി.

ടൂര്‍ണമെന്റ് വിപുലീകരണവും പുതിയ യൂത്ത് സോക്കര്‍ ഡിവിഷനുകളും ഉള്‍പ്പെടെ 2024 ലെ ക്ലബ്ബിന്റെ നേട്ടങ്ങളും 2025 പദ്ധതികളും പ്രസിഡന്റ് നോബിള്‍ ജോസഫ് തന്റെ പ്രസംഗത്തില്‍ പങ്കുവെച്ചു. സാമൂഹിക സേവന സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

2013ലെയും 2018ലെയും ടൂര്‍ണമെന്റ് വിജയങ്ങള്‍ ഉള്‍പ്പെടെ 2009 മുതലുള്ള ക്ലബ്ബിന്റെ യാത്രയെക്കുറിച്ച് ഡോ. മധു നമ്പ്യാര്‍ സംസാരിച്ചു. നിര്‍വാഹക സമിതിയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. പ്രസിഡന്റ് നോബിള്‍ ജോസഫ്, ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് റെജി തോമസ്, സെക്രട്ടറി റോയ് റാഫേല്‍, ട്രഷറര്‍ ജെഫി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ബിജേഷ് തോമസ്, ക്യാപിറ്റല്‍ കപ്പ് ടീം ക്യാപ്റ്റന്‍ നബീല്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. മറ്റെല്ലാ കമ്മറ്റി അംഗങ്ങളും സോക്കര്‍ ക്ലബ്ബിനെ അതിന്റെ നിലവിലെ നിലയിലേക്ക് ഉയര്‍ത്താന്‍ വളരെ കഠിനമായി പരിശ്രമിച്ചുവെന്നും അവരുടെ കഠിനാധ്വാനത്തിന് ക്ലബ്ബിന്റെ ഭാവി ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ ഫണ്ടിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുഖ്യാതിഥി സെബാസ്റ്റ്യന്‍ മാണിക്കത്ത് ആദ്യ ടിക്കറ്റ് വിപിന്‍ രാജിന് കൈമാറി പ്രതീകാത്മകമായി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഇരുവരും ക്ലബ്ബിന്റെ തുടര്‍ച്ചയായ വിജയത്തിന് ആശംസകള്‍ നേര്‍ന്നു. മനോജ് മാത്യു, ജെന്‍സണ്‍ ജോസ്, ഷിബു സാമുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുസംസാരിച്ചു.

മഹാദേവന്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍, പ്രവീണ്‍ കുമാറിന്റെ മിമിക്രി, ജെന്‍സണ്‍ ജോസ്, ജിതിന്‍ ജോയ് എന്നിവരുടെ ഗാനങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. എംഡി സ്‌ട്രൈക്കേഴ്‌സ് സ്ഥാപക താരവും പ്രൊമോട്ടറുമായ റെജി തോമസിനെയും മറ്റ് സംഭാവനകള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു.

എംസി ജോസിലിയുടെ നന്ദി പ്രകാശനത്തോടെ റാഫിള്‍ ഇവന്റ് സമാപിച്ചു. വേദി ഒരുക്കിയതിന് നാരായണന്‍ കുട്ടി, ഫോട്ടോഗ്രാഫിക്ക് ജിജോ ജോസഫ്, സാങ്കേതിക പിന്തുണ നല്‍കിയ ഷേര്‍ളി നമ്പ്യാര്‍, പരിപാടിയുടെ വിജയത്തിന് സഹകരിച്ച എല്ലാവര്‍ക്കും എംഡി സ്‌ട്രൈക്കേഴ്‌സ് നന്ദി അറിയിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ അത്താഴ സദ്യയും നടന്നു.

ക്ലബിന്റെ എക്‌സിക്യൂട്ടീവ് ടീമിലൂടെ റാഫിള്‍ ടിക്കറ്റുകള്‍ ലഭ്യമാണ്, വരുമാനം ക്ലബ്ബിന്റെ കായിക പരിപാടികള്‍ക്കും ഭാവി ടൂര്‍ണമെന്റുകള്‍ക്കുമായി വിനിയോഗിക്കും. 501(C)(3) ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എംഡി സ്‌ട്രൈക്കേഴ്‌സ് സോക്കര്‍ ക്ലബ് Inc. വിജയകരമായ 2025 സീസണിനായി കാത്തിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments