യുക്തിസഹമല്ലാത്ത അന്ധവിശ്വാസങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍ നിരവധിയാണ്. ഇത്തരത്തിലുള്ള ഒരു ദുരന്ത വാര്‍ത്തയാണ് മെക്‌സിക്കോയില്‍ നിന്നും പുറത്തുവരുന്നത്.തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന ‘കാംബോ ആചാര’ത്തില്‍ പങ്കെടുത്ത് തവള വിഷം ഉള്ളില്‍ ചെന്നതോടെ മെക്‌സിക്കന്‍ നടി മരണപ്പെട്ടു. മെക്‌സിക്കന്‍ ഷോര്‍ട്ട് ഫിലിം നടി മാര്‍സെല അല്‍കാസര്‍ റോഡ്രിഗസാണ് മരിച്ചത്. ആമസോണിയന്‍ ഭീമന്‍ കുരങ്ങന്‍ തവളയുടെ വിഷം ആചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമായും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന അപകടകരമായ ഒരു ആചാരമായ ‘കാംബോ ആചാര’ത്തില്‍ പങ്കെടുത്തതിന് ശേഷമാണ് മാര്‍സെലയുടെ ആരോഗ്യനില വഷളാവുകയും മരിക്കുകയും ചെയ്തത്. ശരീരത്തിലെ വിഷവസതുക്കളെ നീക്കി ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘കാംബോ’ എന്ന ആചാരണം നടത്തുന്നത്.
ചടങ്ങിന്റെ ഭാഗമായി ഒരു ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിപ്പിക്കുകയും അതിനുശേഷം ചര്‍മ്മത്തില്‍ ചെറിയ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊള്ളലേറ്റ മുറിവുകള്‍ തവളയുടെ വിഷം അടങ്ങിയ സ്രവംകൊണ്ട് മൂടുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശാരിരിക അവശതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശുദ്ധീകരിക്കാനാണെന്നും ഇതിന്റെ ഫലമായാണ് ഛര്‍ദ്ദിക്കുന്നതെന്നുമാണ് വിശ്വസിപ്പിക്കുന്നത്.