പത്ത് വയസ്സുകാരന്‍ വേറെ ലെവലാണ്: ഐക്യൂ ഐന്‍സ്റ്റീനും ഹോക്കിങ്ങിനും മുകളില്‍
പ്രായം പത്ത് കഴിഞ്ഞു. അതിബുദ്ധിമാന്‍ എന്നതാണ് ഇപ്പോഴത്തെ മേല്‍വിലാസം. ഉയര്‍ന്ന ഐക്യൂ നിലവാരം കൊണ്ട് ശ്രദ്ധ നേടുകയാണ് ഇന്ത്യന്‍ ബ്രിട്ടീഷ് ബാലനായ ക്രിഷ് അറോറ. ഐക്യൂ നിലവാരത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ഏകദേശ സ്‌കോറുകളെ മറികടന്നാണ് ക്രിഷ് കയ്യടി നേടുന്നത്. അതുകൊണ്ടുതന്നെ ലോക പ്രശസ്തമായ ക്യൂന്‍ എലിസബത്ത് സ്‌കൂളില്‍ ചേരാന്‍ ഒരുങ്ങുകയാണ് ഈ മിടുക്കനിപ്പോള്‍.
ഗണിതത്തില്‍ നൂറുശതമാനം വിജയം നേടിയ ക്രിഷ് ക്ലാസ് പരീക്ഷകള്‍ വളരെ ലളിതമായിരുന്നുവെന്ന് പറയുന്നു. അതിബുദ്ധിമാനായ ഈ വിദ്യാര്‍ത്ഥി അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഒരേപോലെ അതിശയം തന്നെയാണ്. അതിസമര്‍ത്ഥമായി ഏതുവിഷയവും പഠിച്ചെടുക്കും. അതിവേഗത്തില്‍ പഠിച്ചതെന്തും ഓര്‍ത്തെടുക്കും. ക്രിഷിന്റെ വിശേഷങ്ങള്‍ പറയാന്‍ അധ്യാപകര്‍ക്കും നൂറുനാവാണ്.
വെസ്റ്റ് ലണ്ടനിലെ ഹൗണ്ഡസ്ലോയില്‍ താമസിക്കുന്ന ക്രിഷ് പഠനത്തിനൊപ്പം സംഗീതത്തിലും കേമനാണ്. പിയാനിസ്റ്റ് എന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ നാല് ഗ്രേഡുകള്‍ പൂര്‍ത്തിയാക്കിയതിന് ഈ പ്രതിഭയെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഗ്രേഡ് 7 പിയാനിസ്റ്റുകൂടിയാണ്. സംഗീതത്തിന്റെ നോട്ടുകളൊന്നും എഴുതി തയാറാക്കിയത് നോക്കാതെയാണ് അദ്ദേഹം വേദികളില്‍ അവതരിപ്പിക്കുന്നത്.
ചെസ്സ് കളിയില്‍ ആവേശം കൊണ്ടിരിക്കുന്ന ഈ മിടുക്കനിപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇതിനുവേണ്ടിയാണ്. അതിവേഗത്തില്‍ ചെസ്സ് പഠിച്ചെടുത്ത ക്രിഷ് അധ്യാപകരെപോലും അതിവേഗത്തിലാണ് പരാജയപ്പെടുത്തുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.