ദുബായ് : യുഎഇയുടെ 53–ാം ദേശീയദിനാഘോഷത്തിൽ ദേശീയ പതാകയുടെ ചതുർവർണവും ഭരണാധികാരികളുടെ മുഖങ്ങളുമായി ഏറ്റവും പുതിയ ആഡംബര കാറിൽ ഇപ്രാവശ്യവും തിളങ്ങി മലയാളി യുവാവ്. സംരംഭകനും അൽമാനിയ ഗ്രൂപ്പ് ചെയർമാനുമായ കോഴിക്കോട് സ്വദേശി ഷെഫീഖ് അബ്ദുൽ റഹ്‌മാനാണ് സൈലന്‍റ് ട്രെയിൻ എന്ന് വിശേഷിപ്പിക്കുന്ന റോൾസ് റോയ്സിന്‍റെ പുതിയ മോഡൽ ഇലക്ട്രിക് കാറായ സ്പെക്ട്ര ദേശീയവർണങ്ങളാൽ അലങ്കരിച്ച് സ്വദേശികളുടെയടക്കം ശ്രദ്ധ നേടിയത്. രണ്ട് എൻജിനുകളുള്ള ഈ കാറിന് 10 കോടി ഇന്ത്യൻ രൂപയാണ് വില.
ഈദുൽ ഇത്തിഹാദ് എന്ന ഇപ്രാവശ്യത്തെ ദേശീയാഘോഷത്തിന്‍റെ പ്രതീകമായി സായിദ്–റാഷിദ് ചിത്രമാണ് കാറിലെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഷെഫീഖ് പറഞ്ഞു. യുഎഇയുടെ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ മക്തൂം, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി എന്നിവരെ കൂടാതെ, തന്‍റെ ഹീറോയായ ദുബായ് കിരീടാവകാശിയ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രവും പറന്നുയരുന്ന ഫാൽക്കണിന്‍റെ ചിത്രവും സ്വർണം കലർന്ന ഇലക്ട്രോ പ്ലേറ്റഡ് ഷീറ്റുപയോഗിച്ച് കാറിൽ ചിത്രീകരിച്ചിരിക്കുന്നു.
യുഎഇ ഭരണാധികാരികൾ സ്വീകരിച്ച ധീരമായ സമീപനങ്ങളോടുള്ള ആദരമാണ് ഇതെന്നും ഷെഫീഖ് വ്യക്തമാക്കി. യുഎഇയിലെ അറിയപ്പെടുന്ന ചിത്രകാരൻ അഷർ ഗാന്ധിയാണ് കാറിനെ അണിയിച്ചൊരുക്കിയത്.
ദേശീയദിനത്തിന്‍റെ എല്ലാ മുദ്രകളും ഒതുക്കത്തോടെ ചിത്രീകരിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്ന് അഷർ പറഞ്ഞു. കോഴിക്കോട് കക്കോവ് സ്വദേശിയായ ഷഫീഖ് അബ്ദുറഹ്മാൻ 2005ലാണ് ജോലി തേടി യുഎഇയിൽ എത്തിയത്. ഷാർജയിൽ ചെറിയ ജോലികൾ ചെയ്തു തുടങ്ങി പിന്നീട് റിയൽ എസ്റ്റേറ്റ് ഓഫിസിൽ ജോലി ലഭിച്ചതോടെ ഉയർച്ച തുടങ്ങി.
അറബിക് ഭാഷയിൽ നേടിയ പ്രാവീണ്യവും തുണയായതായി ഷെഫീഖ് പറയുന്നു. ഇപ്പോൾ ദുബായിലും വടക്കൻ എമിറേറ്റുകളിലും റിയൽ എസ്റേററ്റ് മേഖലയിൽ സജീവം. ദേശിയ ദിനാഘോഷങ്ങളുടെ ഭാഗമായി 14 വർഷമായി കാർ അലങ്കാര പ്രദർശനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഭാര്യ: ഫാത്തിമത്തുൽ ഹർഷ. മക്കൾ: ഷസ, ഷഫീഖ് , ഫസ്സ അബ്ദുറഹ്മാൻ.