ന്യൂയോർക്ക്: സ്റ്റാർലൈനർ ദൗത്യത്തിന് പിന്നാലെ ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്ല്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ‘താങ്ക്സ് ഗിവിംഗ്’ ആഘോഷിക്കുന്ന വീഡിയോ പുറത്ത് വിട്ട് നാസ. ഭൂമിയിലുള്ളവർക്ക് നന്ദിയെന്ന് നാസ പങ്കുവെച്ച വീഡിയോയിൽ സുനിതയും സംഘവും പറയുന്നുണ്ട്.
ഭൂമിയിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ അറിയിക്കുന്ന എല്ലാവർക്കും നന്ദി എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ തൻ്റെ സഹപ്രവർത്തവർക്കൊപ്പം അമേരിക്കൻ പാരമ്പര്യത്തിൻ്റെ ഭാഗമായ ‘താങ്ക്സ് ഗിവിംഗ്’ ആഘോഷിക്കുന്ന സുനിത വില്ല്യംസിനെ കാണാം. സ്മോക്ക്ഡ് ടർക്കി, ബ്രസ്സൽസ് മുളകൾ, ബട്ടർനട്ട് സ്ക്വാഷ്, മസാലകൾ ചേർത്ത ആപ്പിൾ എന്നിവ ഉൾപ്പെടെ വിവിധ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുന്ന വിരുന്നോടെ താങ്ക്സ് ഗിവിംഗ് ആഘോഷപരിപാടികൾ ഗംഭീരമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സുനിതയുടെയും ബുച്ചിൻ്റെയും സുരക്ഷയെ പറ്റി ആശങ്ക അറിയിച്ചവർക്ക് മറുപടിയായി തങ്ങൾ എങ്ങനെ വീട്ടിലെത്തുമെന്ന് എപ്പോഴും ഒരു പ്ലാൻ ഉണ്ടെന്നും, കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും തങ്ങളെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടെന്നുമുള്ള സന്ദേശവും സുനിത പങ്കുവെച്ചിരുന്നു.