കോട്ടയം: നഗരത്തിലെ ആകാശപ്പാതയുടെ ( സ്കൈവോക് ) മേൽക്കൂര പൊളിച്ച് നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ഐ ഐ ടി, ചെന്നൈയിലെ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് റിസർച്ച് സെന്റർ എന്നിവർ നടത്തിയ ബല പരിശോധനാ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേ സമയം, വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ 22 നാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിർമാണം അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്ന കിറ്റ് കോയ്ക്കുള്ള ഫണ്ട് കുടിശകയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.
തൃശൂർ ഉൾപ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങൽ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപാത പൊളിക്കുമെന്ന് നിയമസഭയിൽ ഒരു മന്ത്രിയെ കൊണ്ട് പറയിപ്പിച്ച സർക്കാരാണ് ഭരണം നടത്തുന്നത്, എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ആകാശപാതയ്ക്ക് വേണ്ടി ജനസദസ്സ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനസദസ്സിന്റെ തീരുമാനപ്രകാരം മുന്നോട്ട് പോകുമെന്നും ചില സ്വാർത്ഥ താലപര്യക്കാരാണ് ഇതിന് പിന്നിൽ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.