ന്യൂയോർക്ക്: അമേരിക്കൻ ബിസിനസ് മാഗസീനായ ഫോർബ്‌സിന്‍റെ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പുതിയ പട്ടികയിൽ ലക്സംബർഗ് ഒന്നാം സ്ഥാനത്ത്. രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജി ഡി പി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഫോർബ്‌സ് പുറത്തുവിട്ടിരിക്കുന്നത്. വാർഷിക വളർച്ചാ നിരക്കിന്‍റെ കാര്യത്തിലെ കുതിപ്പാണ് ലക്സംബർഗിനെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നിൽ ഏഷ്യൻ രാജ്യമായ സിംഗപ്പൂരാണ്.യൂറോപ്പിൽ നിന്ന് അഞ്ച് രാജ്യങ്ങളും ഏഷ്യയിൽ നിന്ന് നാല് രാജ്യങ്ങളും അമേരിക്കയുമാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുന്നത്. മക്കാവു ആണ് ലോക രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. അയർലണ്ട് നാലാമതും ഖത്തർ അഞ്ചാമതുമായി ഇടംപിടിച്ചപ്പോൾ നോർവെയാണ് ആറാം സ്ഥാനത്ത്. സ്വിറ്റ്സർലണ്ട് എഴാം സ്ഥാനത്തും ബ്രൂണൈ എട്ടാം സ്ഥാനത്തുമുള്ള പട്ടികയിൽ അമേരിക്കയാണ് ഒമ്പതാമതായി ഇടംപിടിച്ചിട്ടുള്ളത്. ഡെൻമാർക്കിനാണ് പത്താം സ്ഥാനം.ലോക ശക്തികളിൽ അമേരിക്കയാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക രാജ്യമെന്നതും ശ്രദ്ധേയമാണ്. പ്രതിശീർഷ ജി ഡി പിയാണ് വലിയ രാജ്യങ്ങളെ പട്ടികയിൽ പിന്നിലാക്കാൻ കാരണം. ഫോർബ്സിന്‍റെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചവയിൽ മിക്കവാറുമെല്ലാ രാജ്യങ്ങളുടെ ചെറുതാണ് എന്നതും നമുക്ക് കാണാനാകും. 200 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 129 -ാം സ്ഥാനമാണുള്ളത്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ സൗത്ത് സുഡാൻ ആണ് പട്ടികയിലെ 200 -ാം സ്ഥാനത്തുള്ളത്.