Monday, December 23, 2024
HomeNewsവിപ്ലവം സൃഷ്ടിക്കാന്‍ പുതു പുത്തൻ മോഡളുകളുമായി മഹിന്ദ്ര ഇലക്ട്രിക് വാഹനങ്ങൾ

വിപ്ലവം സൃഷ്ടിക്കാന്‍ പുതു പുത്തൻ മോഡളുകളുമായി മഹിന്ദ്ര ഇലക്ട്രിക് വാഹനങ്ങൾ

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ രണ്ട് പുതിയ മോഡലുകളുമായി മഹീന്ദ്ര. എക്‌സ്.ഇ.വി 9ഇ (XEV 9e) , ബിഇ 6ഇ (BE 6e) എന്ന് പേരിട്ടിരിക്കുന്ന വാഹനം മഹീന്ദ്രയുടെ സ്വന്തം ഇവി പ്ലാറ്റ്‌ഫോമായ ഇന്‍ഗ്ലോ (INGLO)യിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫോക്‌സ് വാഗണുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ആദ്യ മോഡലുകളാണിത്.

ഇവികള്‍ക്ക് മാത്രമായി പ്രത്യേക ലോഗോയും ചെന്നൈയില്‍ നടന്ന ‘മഹീന്ദ്ര അണ്‍ലിമിറ്റ് ഇവന്റില്‍’ കമ്പനി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സ്.ഇ.വി 9ഇ, ബിഇ 6ഇക്കും 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ഉണ്ടെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. എന്നാല്‍ ഇതിനായി ഭാരത് എന്‍കാപ്, ഗ്ലോബല്‍ എന്‍കാപ് തുടങ്ങിയ ടെസ്റ്റുകളൊന്നും മഹീന്ദ്ര പാസായിട്ടുമില്ല. മികച്ച സുരക്ഷയില്‍ വാഹനം നിര്‍മിച്ചതിന്റെ ആത്മവിശ്വാസമാണ് കമ്പനിയുടെ വാക്കുകളിലെന്നാണ് വാഹനലോകത്തെ സംസാരം. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഷോറൂമുകളിലെത്തുന്ന വണ്ടി ഫെബ്രുവരിയോടെ ഡെലിവറി ആരംഭിക്കും.

ആദ്യ രണ്ടക്ഷരം ഇന്ത്യയെയും അവസാന മൂന്നക്ഷരം ഗ്ലോബല്‍ എന്ന വാക്കിനെയും സൂചിപ്പിക്കുന്നു. ഫ്‌ളാറ്റ് ഡിസൈനില്‍ ഒരുക്കിയ ഈ പ്ലാറ്റ്‌ഫോം വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ലൈറ്റ്-വെയിറ്റാണെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. സാധാരണ വാഹനങ്ങളിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് നടുക്ക് കാണപ്പെടുന്ന ഉയര്‍ന്ന ഭാഗം ഒഴിവാക്കിയതോടെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥലം ലഭിക്കും. ഇത് വാഹനത്തിന്റെ യാത്രാ സുഖവും സീറ്റ് ക്രമീകരണവും കൂടുതല്‍ ആയാസരഹിതമാക്കും. ഫാസ്റ്റ് ചാര്‍ജിംഗ്, ഉയര്‍ന്ന സുരക്ഷ, കൂടുതല്‍ കരുത്ത്, മികച്ച സസ്‌പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഇപ്പോഴത്തെ മോഡലുകള്‍ക്ക് പുറമെ അടുത്ത വര്‍ഷം മൂന്നോളം വാഹനങ്ങളാണ് മഹീന്ദ്ര ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി കാത്തുവച്ചിരിക്കുന്നത്.

ഒരു സ്‌പോര്‍ട്ടി കൂപ്പെ എസ്.യു.വി ഡിസൈനാണ് മഹീന്ദ്ര ഈ വാഹനത്തിന് നൽകിയിരിക്കുന്നത്.വടിവൊത്ത എല്‍.ഇ.ഡി ഹെഡ്‌ലാംപുകളും ബോണറ്റിലൂടെ ഒഴുകിയിറങ്ങുന്ന ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും (ഡി.ആര്‍.എല്‍) വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. മുന്നിലുള്ള മഹീന്ദ്രയുടെ പുതിയ ഇലുമിനേറ്റഡ് ലോഗോ വണ്ടിയുടെ അഗ്രസീവ് ലുക്കും എടുത്തുകാട്ടുന്നുണ്ട്. ലംബോര്‍ഗിനി ഉറൂസിനോട് സാമ്യം തോന്നുന്ന രീതിയിലുള്ള പിന്‍ഭാഗം എക്‌സ്.ഇ.വി 9ഇയുടെ റോഡ് പ്രസന്‍സ് കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

മഹീന്ദ്രയുടെ അഡ്രിനോക്‌സ് സോഫ്റ്റ്‌വെയറിനൊപ്പമെത്തുന്ന 12.3 ഇഞ്ചിന്റെ മൂന്ന് സ്‌ക്രീനുകളാണ് വാഹനത്തിനുള്ളിലുള്ളത്.ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, അഡ്വാന്‍സ്ഡ് കണക്ടിവിറ്റി ഫീച്ചറുകള്‍ എന്നിവക്കായാണ് ഇവയൊരുക്കിയിരിക്കുന്നത്. ഇലുമിനേറ്റഡ് ലോഗോയോടു കൂടിയ പുതിയ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലും പുതുമയാണ്. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പറയുന്ന മഹീന്ദ്ര എക്‌സ്.ഇ.വി 9ഇയില്‍ ലെവല്‍ ടു അഡാസ് സുരക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ മൊബൈല്‍ ഉപയോഗിച്ച് വാഹനത്തെ നിരീക്ഷിക്കാന്‍ കഴിയുന്ന സെക്യൂര്‍ 360, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടി.പി.എം.എസ്, ഡ്രൈവര്‍ ഉറങ്ങിപ്പോകാതിരിക്കാനുള്ള സംവിധാനം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

659 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 79 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. റോഡിലിറങ്ങിയാല്‍ 500 കിലോമീറ്ററെങ്കിലും റേഞ്ച് കിട്ടുമെന്നാണ് പ്രതീക്ഷ. 286 ബി.എച്ച്.പി കരുത്തും 380 എന്‍.എം വരെ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് വാഹനത്തെ മുന്നോട്ടു നയിക്കുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 6.8 സെക്കന്‍ഡ് മതിയാകും. 231 ബി.എച്ച്.പി കരുത്തുള്ള 59 കിലോവാട്ട് അവറിന്റെ മറ്റൊരു ബാറ്ററിയും മഹീന്ദ്ര ഓഫര്‍ ചെയ്യുന്നുണ്ട്. 21.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

ബി.ഇ 6 ഇവാഹനവും ഉടമയും തമ്മിലുള്ള വൈകാരിക അടുപ്പം ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ ഹാര്‍ട്ട്‌കോര്‍ (Heartcore) ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിച്ച വാഹനമാണിതെന്നാണ് മഹീന്ദ്ര പറയുന്നത്.

സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കണ്ട വാഹനങ്ങളുമായി സാമ്യം തോന്നുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. വാഹനത്തിന്റെ അകത്തും പുറത്തും നിരവധി അടിപൊളി ഫീച്ചറുകളാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റിലേതിന് സമാനമായ രീതിയിലാണ് ഉള്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും സ്വിച്ചുകളുമെല്ലാം വിമാനത്തുള്ളില്‍ ഇരിക്കുന്ന ഫീല്‍ നല്‍കും.18.90 ലക്ഷം രൂപ മുതല്‍ വില682 കിലോമീറ്ററാണ് വാഹനത്തിന്റെ എ.ആര്‍.എ.ഐ സര്‍ട്ടിഫൈഡ് റേഞ്ച്. എന്നുവച്ചാല്‍ ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്ററെങ്കിലും ഓടും. 281 ബി.എച്ച്.പി കരുത്താണ് വാഹനത്തിനുള്ളത്. 0-100 കിലോമീറ്ററെത്താന്‍ 6.7 സെക്കന്‍ഡ് മതിയാകും. എക്‌സ്.ഇ.വി 9ഇയുടേതിന് സമാനമായ ബാറ്ററി പാക്കാണ് ഇതിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വാഹനത്തിന്റെ റിയല്‍ വീല്‍ പതിപ്പ് മാത്രമാണ് വിപണിയിലെത്തുക. ഓള്‍വീല്‍ ഡ്രൈവ് അടുത്ത് തന്നെയെത്തുമെന്നും വിവരമുണ്ട്. 18.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. കൂടുതല്‍ വില വിവരങ്ങള്‍ ഫെബ്രുവരിയില്‍ അറിയിക്കാമെന്നാണ് മഹീന്ദ്ര പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments