കൊച്ചി : ഖത്തറിൽ നിന്ന് പറന്നിറങ്ങിയ ഈവ ഇനി ചേലക്കരയിൽ ജീവിക്കും. രാമചന്ദ്രന്റെയും കുടുംബത്തിന്റെയും അരുമ പൂച്ചയായി. വ്യാഴാഴ്ചയാണ് ഖത്തറിലെ പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തിയ രാമചന്ദ്രനും കുടുംബത്തിനുമൊപ്പം ഈവ എന്ന് പുച്ചയും എത്തിയത്. വിദേശരാജ്യത്ത് നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് ആവശ്യമായ സൗകര്യങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചതോടെയാണ് ഈവയെ കൊണ്ടുവരാൻ കഴിഞ്ഞത്. ഇതോടെ, കേരളത്തിൽ ആദ്യമായി പറന്നിറങ്ങിയ അരുമയെന്ന ഖ്യാതിയും ഇനി ഈവയ്ക്ക് സ്വന്തം.ഖത്തറിലെ തെരുവിൽ നിന്നാണ് രാമചന്ദ്രന് ഈവയെ കിട്ടിയത്്. പിന്നീട്, കുടുംബത്തിലൊരാളായി മാറിയെന്നും രാമചന്ദ്രൻ പറയുന്നു. ഇതുകൊണ്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഈവയെ കൂടെ കൊണ്ടുവരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പെറ്റ് പാസ്‌പോർട്ട്, വിമാന ടിക്കറ്റ് എല്ലാം അടക്കം ഏകദേശം 8000 രൂപയാണ് പുച്ചയുടെ യാത്രയ്ക്കായി ചെലവായത്. എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഈവ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. നിരവധി പേരാണ് വിമാനത്താവളത്തിൽ തന്നെ കടൽകടന്നെത്തിയ ഈവയെ കാണാൻ തടിച്ചുകൂടിയത്.
അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേറ്റ് സർവ്വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമായതോടെയാണ് അരുമമൃഗങ്ങളെ വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരാനാകുന്നത്. വളർത്തുമൃഗങ്ങളെ വിമാനത്താവളത്തിൽ വെച്ച് പരിശോധനയ്ക്ക് വിധേയമാക്കി എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ 15 ദിവസത്തെ ക്വാറന്റീൻ വിമാനത്താവളത്തിൽ തന്നെ സൗകര്യമൊരുക്കും. രോഗം ഭേദമായതിന് ശേഷം മാത്രമേ ഉടമസ്ഥനൊടൊപ്പം അരുമ മൃഗത്തെ വിടുകയുള്ളു. ഇതാദ്യമായാണ് കേരളത്തിലെ ഒരുവിമാനത്താവളത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.