ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് നടൻ കാളിദാസ് ജയറാമിന്‍റേത്. മാളവിക ജയറാമിന്റെ വിവാഹവേളയിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടചോദ്യം കാളിദാസിന്റെ വിവാഹം എന്നാണെന്നായിരുന്നു. മാളവികയുടെ വിവാഹനിശ്ചയത്തിനും മുന്നേ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിവാഹം എന്നെന്നതിൽ ഇരുവരും അന്ന് വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. ഡിസംബറിൽ വിവാഹമുണ്ടാകുമെന്ന് ജയറാമും പാർവതിയും പറഞ്ഞിരുന്നു. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ വിവാഹത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ്. താരിണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം ഇനി പത്തുനാൾ കൂടിയെന്ന് കുറിച്ചു.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായിയെത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഡലായ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം. നീലഗിരി സ്വദേശിനിയാണ് 24 കാരിയായ താരിണി. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദ ധാരിയാണ്. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും. വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയായിരുന്നു. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ഇരുവരും ക്ഷണക്കത്ത് കൈമാറിയത്.