സിങ്കപ്പൂർ : യുഎസില്‍നിന്ന് സിങ്കപ്പുരിലേക്കുള്ള 14 മണിക്കൂര്‍ വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വയോധികനെതിരേ കേസ്. ബാലസുബ്രഹ്മണ്യന്‍ രമേശ് (73) എന്നയാള്‍ക്കെതിരെയാണ് പരാതി. പരമാവധി 21 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
സിങ്കപ്പുര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നവംബർ പതിനെട്ടിനാണ് ആണ് കേസിനാസ്‌പദമായ സംഭവം .
നവംബര്‍ 25-ന് സിങ്കപ്പുര്‍ കോടതിയില്‍ ഹാജരാക്കിയ ബാലസുബ്രമണ്യന്‍ രമേശ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഏഴ് കുറ്റങ്ങളാണ് നേരിടുന്നത്. ഒരു സ്ത്രീക്ക് നേരെ നാലുവട്ടവും മറ്റ് മൂന്ന് സ്ത്രീകള്‍ക്കു നേരെ ഓരോ തവണയുമാണ് ഇയാള്‍ അതിക്രമം നടത്തിയതെന്നാണ് ആരോപണമെന്ന് കോടതിരേഖകളെ ഉദ്ധരിച്ച് സിങ്കപ്പുര്‍ മാധ്യമമായ ദ സ്‌ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇയാളുടെ അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ യാത്രക്കാരാണോ അതോ ക്രൂ അംഗങ്ങളാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സിങ്കപ്പുര്‍ നിയമപ്രകാരം ഓരോ ലൈംഗികാതിക്രമത്തിനും മൂന്നുകൊല്ലം തടവോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിച്ചേക്കാം. ലൈംഗികാതിക്രമത്തിന് ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാറുണ്ടെങ്കിലും പ്രായത്തിന്റെ ആനുകൂല്യം ബാലസുബ്രഹ്മണ്യന്‍ രമേശിന് ലഭിക്കും. ഡിസംബര്‍ 13-ാം തീയതി ബാലസുബ്രഹ്മണ്യന്‍ രമേശിന്റെ ഭാഗം കോടതി കേള്‍ക്കും.