Monday, December 23, 2024
HomeGulfഡിസംബര്‍ ആദ്യ വാരം മുതല്‍ സൗദിയില്‍ മഴയും ശൈത്യവും; ഉത്തരദേശത്ത് അതിശൈത്യത്തിന് സാധ്യത

ഡിസംബര്‍ ആദ്യ വാരം മുതല്‍ സൗദിയില്‍ മഴയും ശൈത്യവും; ഉത്തരദേശത്ത് അതിശൈത്യത്തിന് സാധ്യത

ജിദ്ദ : സൗദി അറേബ്യയുടെ ഉത്തരദേശത്തെ ഈ വാരാന്ത്യത്തോടെ അതിശൈത്യം കീഴടക്കുമെന്ന് അറിയിപ്പ്.  ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ധന്‍ ഉഖൈല്‍ അല്‍ഉഖൈലാണ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലെത്തും. വാരാന്ത്യത്തോടെ റിയാദില്‍ കുറഞ്ഞ താപനില ഒൻപത് ഡിഗ്രിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ തുടരും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ ഉപഗ്രഹങ്ങള്‍ നൽകുന്ന വിവരം അനുസരിച്ച് മക്ക പ്രവിശ്യയുടെ ദക്ഷിണ തീരപ്രദേശങ്ങളിലും അല്‍ബാഹയിലെ ഹൈറേഞ്ചുകളിലും ഇടതൂര്‍ന്ന മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അല്‍ബാഹയിലും മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച വരെ മഴ തുടരും. മദീന പ്രവിശ്യയുടെ കിഴക്കു ഭാഗങ്ങളിലും അല്‍ഖസീം, ഹായില്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും ഇതേ കാലവസ്ഥ ആയിരിക്കും ഉണ്ടാകുക. 

ശൈത്യകാലത്തിന്റെ ആരംഭത്തോടെ സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ അനുഭവപ്പെടും. ഇതോടൊപ്പമുള്ള തണുത്ത വായു തരംഗം താപനില ഗണ്യമായി കുറക്കും. ഗോളശാസ്ത്രപരമായി ഡിസംബര്‍ ഒന്നു മുതല്‍ സൗദിയില്‍ ശൈത്യ കാലം ആരംഭിക്കും. താപനില വ്യതിയാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലമാണിത്.

അടുത്ത തിങ്കള്‍ രാത്രി മുതല്‍ ചൊവ്വ പുലര്‍ച്ചെ വരെയുള്ള സമയത്ത് തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്കു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താപനില കുറയും. കുറഞ്ഞ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ചു ഡിഗ്രി വരെയായിരിക്കും. തണുത്ത വായു തരംഗം കിഴക്കന്‍ പ്രവിശ്യ, റിയാദ്, അല്‍ഖസീം എന്നീ പ്രവിശ്യകളെയും ബാധിക്കും. ഇവിടെ താപനില ഒൻപത് ഡിഗ്രി മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഡിസംബര്‍ ഏഴിന്  ഈ തരംഗം അവസാനിക്കുന്നതോടെ താപനില സാധാരണ നിലയിലാകും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments