ന്യൂയോർക്ക്: 117 വർഷമായി നിലനിന്നിരുന്ന വ്യഭിചാരം കുറ്റമാക്കുന്ന നിയമം റദ്ദാക്കി ന്യൂയോർക്ക്. വ്യഭിചാരം 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കിയിരുന്ന നിയമം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച ഒപ്പുവച്ചു.കൂടുതൽ പുരോഗമനപരമായ മാറ്റത്തെ ഉൾക്കൊള്ളുന്നതാണ് തീരുമാനമെന്നും ഗവർണർ അറിയിച്ചു. വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതിനായിരുന്നു 1907-ൽ നിലവിൽ വന്ന വ്യഭിചാര നിയമം. എന്നാൽ, കാഴ്ചപ്പാടിൽ മാറ്റം വന്നപ്പോൾ നിയമത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യാൻ തുടങ്ങി.തുടർന്നായിരുന്നു ഭേദഗതി. മനുഷ്യബന്ധങ്ങൾ സങ്കീർണ്ണമാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെയല്ല, വ്യക്തികൾക്കിടയിലെ വിഷയങ്ങൾ പരിഹരിക്കപ്പെടേണ്ടതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. 1960 കളിൽ ഒരു കമ്മീഷൻ ഇത് റദ്ദാക്കാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ, അതിന് അംഗീകാരം നേടാനുള്ള ശ്രമം പരാജയപ്പെട്ടു. 2020 ൽ അസംബ്ലിമാൻ ഡാൻ ക്വാർട്ട് ചട്ടം നിർത്തലാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചതോടെയാണ് നിയമം മാറ്റാനുള്ള യഥാർത്ഥ നീക്കം ആരംഭിച്ചത്.വ്യഭിചാരം കുറ്റവിമുക്തമാക്കുന്ന അവസാന സംസ്ഥാനമായി ന്യൂയോർക്ക് മാറി. 2024 വരെ മറ്റ് 16 സംസ്ഥാനങ്ങളിൽ ഇപ്പോഴും വ്യഭിചാരം കുറ്റകരമാണ്.