ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. മരണപ്പെട്ടവരുടെ രക്തബന്ധുവിനോ സമാന അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകള്‍ റദ്ദാക്കാനും പേപ്പറുകളില്‍ ഒപ്പിടാനും സാധിക്കൂ എന്നതാണ് പുതിയ ചട്ടം. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളില്‍ നിന്ന് ഒപ്പ് വേണം എന്നതും മറ്റൊരു പരിഷ്‌കാരമാണ്.
സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരിഷ്‌കാരങ്ങള്‍ എന്നാണ് കോണ്‍സുലേറ്റിന്റെ പ്രസ് വിംഗ് ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. ‘പ്രവാസികളുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏജന്റുമാര്‍ കുടുംബങ്ങളെ ചൂഷണം ചെയ്ത നിരവധി കേസുകള്‍ കോണ്‍സുലേറ്റില്‍ ഉണ്ടായിട്ടുണ്ട്,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.
കോണ്‍സുലേറ്റ് അംഗീകൃത നിരക്കുകള്‍ക്ക് പകരം അമിത തുക ഈടാക്കുന്ന ഏജന്റുമാരെ കുറിച്ച് ജാഗരൂകരാകണം എന്നും അധികാരികള്‍ വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രവേശനവും സൗകര്യവും നല്‍കുന്നതിന് കോണ്‍സുലേറ്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. എമിറേറ്റുകളിലുടനീളമുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനല്‍ കോണ്‍സുലേറ്റിനുണ്ട്.
ഇത്തരം സേവനങ്ങള്‍ എല്ലാം യാതൊരു നിരക്കുകളും ഈടാക്കാതെയാണ് നല്‍കി വരുന്നത്. അതേസമയം പുതിയ പരിഷ്‌കാരത്തോട് സമ്മിശ്രമായാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. പുതിയ നിയമങ്ങള്‍ കുടുംബങ്ങള്‍ക്ക് അന്യായമായ ഭാരമുണ്ടാക്കുന്നതായി ചില സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. പുതുക്കിയ നിയമപ്രകാരം രേഖകള്‍ റദ്ദാക്കുന്നതിനോ മരണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിലോ കുടുംബങ്ങളെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ലതായി എന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു.
വഞ്ചനാപരമായ സാമൂഹിക പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനങ്ങള്‍ റദ്ദാക്കണം എന്നും അതിന് പകരം എല്ലാവരെയും തടയുന്നത് ന്യായമല്ല എന്നും അഷ്‌റഫ് പറഞ്ഞു. എന്നാല്‍ ഈ നീക്കത്തെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററുമായി (കെഎംസിസി) പ്രവര്‍ത്തിക്കുന്ന മറ്റൊരു സാമൂഹിക പ്രവര്‍ത്തകന്‍ സ്വാഗതം ചെയ്തു എന്നും ഖലീജ് ടൈംസ് പറയുന്നു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബത്തിന് മാര്‍ഗമില്ലെന്ന് പറഞ്ഞ് കോണ്‍സുലേറ്റില്‍ നിന്ന് പണം വാങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും മറ്റുള്ളവരുടെ മരണം ബിസിനസ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.