ബെയ്റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ വീണ്ടും ലക്ഷ്യമിട്ട് ഇസ്രയേൽ. ഹിസ്‌ബുല്ല കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണമെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. നാലു റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികൾ അറിയിച്ചു. ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് നാലുപേരാണ് കൊല്ലപ്പെട്ടത്. 33ൽ അധികം പേർക്കു പരുക്കേറ്റു. ഈ സംഖ്യ ഇനിയും കൂടുമെന്നാണ് വിവരം.
ബെയ്റൂട്ടിലെ ബസ്തയിലാണു സ്ഫോടനങ്ങളുണ്ടായത്. ഒരു കെട്ടിടം പൂർണമായി തകർന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകർന്നുവെന്നും പുറത്തുവന്ന വിഡിയോകളിൽനിന്നു വ്യക്തമാണ്. എന്നാൽ പാർപ്പിട സമുച്ചയമായ എട്ടുനിലക്കെട്ടിടത്തിനുനേർക്ക് അഞ്ച് മിസൈലുകൾ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാർത്താ എജൻസി റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച ഇസ്രയേൽ റാസ് അൽ–നാബ്ബ ജില്ലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.