ലാവോസ്: വിഷമദ്യം കഴിച്ചെന്ന് സംശയിക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ പെൺകുട്ടി കൂടി മരിച്ചതോടെ, മെഥനോൾ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി. മായം കലര്‍ന്ന വിഷമദ്യം കഴിച്ചാണ് ഇവരെല്ലാം മരിച്ചതെന്നാണ് സംശയം. അവസാനം മരിച്ച ഓസ്ട്രേലിയൻ സ്വദേശിനി ഹോളി ബൗൾസിന്റെ (19) കുടുംബമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരാഴ്ചയിലേറെ വാങ് വിയിംഗിൽ അവർ ചികിത്സയിൽ കഴിയുകയായിരുന്നു. ബൗൾസിന്റെ സുഹൃത്ത് ബിയാങ്ക ജോൺസ് (19), തെക്ക്-കിഴക്കൻ ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് അഭിഭാഷകൻ സിമോൺ വൈറ്റ് (28) എന്നിവരുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. ബൂട്ട്‌ലെഗ് മദ്യവുമായി ഇവരുടെ മരണത്തിന് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് പുരുഷനും 19 ഉം 20 ഉം വയസ്സുള്ള രണ്ട് ഡാനിഷ് യുവതികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഏറെ ആളുകൾക്ക് സന്തോഷം നൽകി, സുഹൃത്തുക്കളുമായി സന്തോഷകരമായി ജീവിച്ച ശേഷമാണ് ഹോളി യാത്രയായത് എന്നത് മാത്രമാണ് ആശ്വാസമേകുന്നതെന്ന് ഹോളിയുടെ കുടുംബം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.’തെക്ക് കിഴക്കൻ ഏഷ്യയിലൂടെ സഞ്ചരിച്ചും പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയും അവിശ്വസനീയമായ അനുഭവങ്ങൾ ആസ്വദിക്കുകയും ചെയ്തുകൊണ്ട് ഏറ്റവും മികച്ച ജീവിതം നയിച്ചാണ് അവളുടെ മടക്കമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, ഹോളി ബൗൾസിന്റെ ദാരുണമായ വിയോഗത്തിൽ എല്ലാ ഓസ്‌ട്രേലിയക്കാരും ഹൃദയം തകർന്നിരിക്കുകയാണെന്ന്, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ എന്റെ അഗാധമായ അനുശോചനം അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൂട്ട്ലെഗ് മദ്യത്തിൽ പലപ്പോഴും ചേര്‍ക്കുന്ന മെഥനോളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്. ഇവര്‍ ഇത്തരത്തിൽ മദ്യം കഴിച്ചിരിക്കാമെന്നാണ് പ്രദേശിക മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിൽ നൂറിലധികം പേര്‍ക്ക് സൗജന്യമായി മദ്യം നൽകിയരുന്നതായി ഹോട്ടൽ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റുള്ളവര്‍ക്കൊന്നും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഹോട്ടൽ വിശദീകരിക്കുന്നുണ്ട്. ഇതിനിടെ ഹോട്ടൽ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.