Monday, December 23, 2024
HomeBreakingNewsകണ്ടല ബാങ്കിൽ ഇ.ഡി. പരിശോധന തുടരുന്നു; നിക്ഷേപകരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു

കണ്ടല ബാങ്കിൽ ഇ.ഡി. പരിശോധന തുടരുന്നു; നിക്ഷേപകരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു

മാറനല്ലൂർ (തിരുവനന്തപുരം): കണ്ടല സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിക്ഷേപകരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. രാവിലെ ബാങ്കിൽ എത്തിയ നാലു ഇ.ഡി. ഉദ്യോഗസ്ഥർ നിക്ഷേപകരെ നേരിൽക്കണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്. ബുധനാഴ്ച നടത്തിയ പരിശോധനയുടെ തുടർച്ചയാണ് വ്യാഴാഴ്ചയും ബാങ്കിൽ നടന്നത്. ബുധനാഴ്ച ബാങ്ക് രേഖകൾ പരിശോധിച്ച ഇ.ഡി. ഉദ്യോഗസ്ഥർ, വ്യാഴാഴ്ച നിക്ഷേപകരെയാണ് ചോദ്യം ചെയ്തത്. മാറനല്ലൂർ പോലീസിൽ പരാതി നൽകിയ 64 നിക്ഷേപകരെയാണ് ഇ.ഡി. വിളിച്ചുവരുത്തിയത്.

നിക്ഷേപത്തിന്റെയും പലിശയുടെയും വിവരങ്ങൾ എല്ലാവരിൽ നിന്നും ആരാഞ്ഞു. ചിട്ടിപിടിച്ച നിക്ഷേപങ്ങളെക്കുറിച്ചും ഇ.ഡി. അന്വേഷണം നടത്തി. ഇ.ഡി.യുടെ നോട്ടീസ് ലഭിച്ചതനുസരിച്ച് എത്തിച്ചേർന്ന എല്ലാവർക്കും ചോദ്യാവലിയും നൽകി. പത്തോളം ചോദ്യങ്ങൾ അച്ചടിച്ച പട്ടികയാണ് നിക്ഷേപകർക്ക് കൈമാറിയത്. ഇതിൽ നിക്ഷേപത്തുക, കാലയളവ്, വരുമാനത്തിന്റെ സ്രോതസ്സ്, പലിശയായി തിരികെ ലഭിച്ച തുക, ചിട്ടി നിക്ഷേപം, വായ്പാവിവരങ്ങൾ, പലിശ നിരക്ക് തുടങ്ങിയ ചോദ്യങ്ങളാണ് ഇ.ഡി. മുന്നോട്ടുവച്ചത്. എല്ലാവരോടും ഇതിന്റെ വിശദാംശങ്ങൾ എഴുതി നൽകാനും ഇ.ഡി. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പോലീസിലും മറ്റിടങ്ങളിലും നിക്ഷേപം തിരികെ ലഭിക്കാനായി നൽകിയ പരാതികളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടു

കൂടാതെ നിക്ഷേപവിവരങ്ങളുടെ മുഴുവൻ രേഖകളുടെയും പകർപ്പും നൽകണമെന്ന് നിർദേശിച്ചു. നിക്ഷേപകരുടെ പാൻ കാർഡ്, ആധാർ രേഖകളും നൽകണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായും നൽകണമെന്നും ഇ.ഡി. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ചോദ്യാവലി പൂരിപ്പിച്ച് രേഖകൾ സമർപ്പിച്ച നിക്ഷേപകരെ വിട്ടയയ്ക്കുകയും ചെയ്തു.

വെള്ളിയാഴ്ചയും ഇ.ഡി. പരിശോധന തുടരും. പോലീസിൽ പരാതി നൽകാത്ത പല നിക്ഷേപകരും വ്യാഴാഴ്ച ഇ.ഡി. ഉദ്യോഗസ്ഥരെ കാണാനെത്തിയിരുന്നു. ഇവരോടും രേഖകൾ സമർപ്പിച്ച് ചോദ്യാവലി പൂരിപ്പിച്ച് നൽകാൻ പറഞ്ഞിരുന്നു. അടുത്ത ദിവസവും നിക്ഷേപകരെ കാണുമെന്നാണ് സൂചന.

കഴിഞ്ഞവർഷം നവംബറിലാണ് ഇ.ഡി. അധികൃതർ കണ്ടല ബാങ്കിലും മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ വീട്ടിലും പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ ഇ.ഡി. പരിശോധന നടന്ന് ഒരു വർഷത്തിനുശേഷമാണ് കണ്ടലയിലേക്ക്‌ വീണ്ടും ഇ.ഡി. എത്തുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ബാങ്കിന്റെ പ്രവർത്തനം. ബാങ്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് ഇതുവരെ തുക മടക്കിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments