സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയിൽ അറിയിച്ചത്. വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ ആർ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് വന്ദന ഷായുടെ പ്രസ്താവനയിൽ പറയുന്നു.
1995 ലായിരുന്നു എ ആർ റഹ്‌മാൻ- സൈറ ബാനു വിവാഹം. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നത്. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്.
‘വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും കണ്ടെത്തി’, വന്ദന ഷായുടെ പ്രസ്താവനയില്‍ പറയുന്നു.
ഈ നിർണായക സമയത്ത് തങ്ങളുടെ പ്രൈവസിയെ മാനിക്കണമെന്ന് ആരാധകരോടായി എ ആർ റഹ്മാന്റെ മകൻ എ ആർ റമീൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയും പങ്കുവെച്ചിട്ടുണ്ട്.