മോസ്കോ: വൈദ്യുതി മേഖലയുടെ നടുവൊടിച്ച റഷ്യയുടെ കനത്ത വ്യോമാക്രമണത്തിനുപിന്നാലെ യു.എസിന്റെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി മാസങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് അധികാരമൊഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബൈഡൻ അംഗീകരിച്ചത്. യു.എസിന്റെ ആർമി ടാക്ടിക്കൽ മിസൈൽ സംവിധാനമാണ് യുക്രെയ്ൻ ഉപയോഗിക്കുക. റഷ്യയുടെ ഉൾഭാഗങ്ങളിലെ സുപ്രധാന കേന്ദ്രങ്ങളെ ആക്രമിക്കുകയാണ് ലക്ഷ്യം. യു.എസ് അനുമതി ലഭിച്ച കാര്യം പ്രഖ്യാപിക്കുന്നില്ലെന്നും മിസൈലുകൾ സ്വയം സംസാരിക്കുമെന്നും സെലൻസ്കി വിഡിയോ സന്ദേശത്തിൽ പ്രതികരിച്ചു.
ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിക്കാനുള്ള ഹിമാർസ് സംവിധാനം കൈമാറിയ ശേഷം റഷ്യക്കെതിരെ ഇതു രണ്ടാം തവണയാണ് യു.എസ് ആയുധങ്ങൾ നൽകുന്നത്. യുക്രെയ്ന്റെ ഖാർകിവ് മേഖലയിൽ റഷ്യൻ മുന്നേറ്റം തടയാനായിരുന്നു ഹിമാർസ് സംവിധാനം കൈമാറിയത്.
യുക്രെയ്നുള്ള യു.എസ് സഹായം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരുമോയെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കെയാണ് ബൈഡന്റെ തീരുമാനം. യു.എസും നാറ്റോ സഖ്യവും ആണവ ശക്തിയായ റഷ്യക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങാൻ ആശങ്കയുള്ളതിനാലാണ് യുക്രെയ്ന് ആയുധം നൽകാൻ ബൈഡൻ വൈകിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈൽ, ഡ്രോൺ സംയുക്ത ആക്രമണത്തിൽ യുക്രെയ്നിലെ ഒമ്പതുനില കെട്ടിടം തകർന്ന് രണ്ടുകുട്ടികളടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.