അബുജ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയയുടെ ആദരം. പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ നൽകിയാണ് വികസന നായകനെ നൈജീരിയ ആദരിച്ചത്. പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിൽ നിന്ന് ബഹുമതി ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
”നൈജീരിയയുടെ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ’ ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കായും ഇന്ത്യ- നൈജീരിയ സുഹൃദ്ബന്ധം ഉയർത്തിക്കാട്ടുന്നതിനായും ഈ ബഹുമതി ഞാൻ സമർപ്പിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങൾ തമ്മിൽ ദീർഘകാല ബന്ധമാണുള്ളത്. ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ജനങ്ങളുടെ ക്ഷേമത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ- നൈജീര ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനായും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായും ഒരേ മനസോടെ ഇരുരാജ്യങ്ങളും പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
1969ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം നൈജീരിയയുടെ പരമോന്നത ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തിൽ പ്രധാനമന്ത്രിയുടെ സംഭാവനകൾ അംഗീകരിക്കുന്ന 17-ാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിലാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്.