ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് അമേരിക്കയിൽ ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ യാത്രാ പ്രേമികൾക്ക് വേറിട്ട ഓഫറുമായി ഒരു ക്രൂയിസ് കംപനി. ട്രംപിന്റെ ഭരണ കാലത്ത് അമേരിക്കയിൽ നിന്ന് മാറിനിൽക്കാനുള്ള അടിപൊളി ഓഫറാണ് വില്ല വി റെസിഡെൻസെസ് എന്ന ക്രൂയിസ് കമ്പനി മുന്നോട്ട് വച്ചിട്ടുള്ളത്. നാല് വർഷം നീളുന്ന ലോക സഞ്ചാരമാണ് ഓഫർ. നാനൂറിലേറെ ഇടങ്ങളിൽ സ്റ്റോപ്പുള്ള ദീർഘകാല ക്രൂയിസ് ഷിപ്പ് അനുഭവമാണ് കടുത്ത ട്രംപ് വിരോധികൾക്കായി ഒരുങ്ങുന്നത്.
ട്രംപിന്റെ പുതിയ തീരുമാനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് കാണാമെന്നാണ് ക്രൂയിസ് കമ്പനി വാഗ്ദാനം. വ്യാഴാഴ്ചയാണ് പുതിയ റിലീസിൽ അടുത്ത ദീർഘകാല ക്രൂയിസിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്. സാധാരണ ഗതിയിൽ മൂന്നര വർഷം നീളുന്നതാണ് വില്ല വി റെസിഡെൻസെസ് യാത്രകൾ. എന്നാൽ ഇക്കുറി നാല് വർഷമാണ് യാത്ര നീളുകയെന്നാണ് വില്ല വി റെസിഡെൻസെസ് സിഇഒ മിഖായേൽ പാറ്റേഴ്സൺ വിശദമാക്കിയിട്ടുള്ളത്. 40000 യുഎസ് ഡോളർ(ഏകദേശം 3,379,248 രൂപയാണ്) നാല് വർഷം നീളുന്ന ക്രൂയിസ് അനുഭവത്തിന് ഒരാൾക്ക് ചെലവ് വരിക. വില്ല വി റെസിഡെൻസെസിന്റെ ആദ്യ യാത്ര കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. മെയ് മാസത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന യാത്രയാണ് പലവിധ കാരണങ്ങളാൽ സെപ്തംബറിലേക്ക് നീണ്ടത്. പുത്തൻ ക്രൂയിസ് കപ്പലിലാവും നാല് വർഷത്തെ ടൂർ എന്നാണ് മിഖായേൽ പാറ്റേഴ്സൺ വിശദമാക്കിയിട്ടുള്ളത്.
നാല് പ്ലാനുകളാണ് മിഖായേൽ പാറ്റേഴ്സൺ അവതരിപ്പിച്ചിട്ടുള്ളത്. ഒരു വർഷത്തെ റിയാലിറ്റിയിൽ നിന്നുള്ള രക്ഷപ്പെടൽ, 2 വർശത്തെ മിഡ് ടേം സെലക്ഷൻ, 3 വർഷത്തെ എവരിവേർ ബട്ട് ഹോം, 4 വർഷത്തെ സ്കിപ് ഫോർവാഡ് എന്നിവയാണ് വിവിധ ക്രൂയിസ് പ്ലാനുകൾ. കരീബിയൻ തീരങ്ങളും പനാമ കനാൽ, ലോകാത്ഭുതങ്ങൾ, അന്റാർട്ടിക്ക, റിയോ കാർണിവൽ, ആമസോൺ എന്നിവയെല്ലാം കണ്ട് അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് തിരികെ വരാമെന്ന് കടുത്ത ട്രംപ് വിരോധികളോട് വില്ല വി റെസിഡെൻസെസ് വാഗ്ദാനം ചെയ്യുന്നത്.