പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്. കെപിസിസി ഉടൻ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. എകെ ബാലന്റെ നേതൃത്വത്തിലായിരുന്നു ചര്‍ത്തകൾ. അനൗപചാരിക ചർച്ചകൾ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി സ്വീകരിക്കൽ എന്നായിരുന്നു സിപിഎം തീരുമാനം. ഇതോടെയാണ് സന്ദീപ് കോൺഗ്രസ് വഴിയിലേക്ക് എത്തിയത്.