നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ തുടങ്ങിയ ആഗോള ഭക്ഷണ-പാനീയ കമ്പനികൾ ഇന്ത്യ ഉൾപ്പടെയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങളെന്ന് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNi) പ്രസിദ്ധീകരിച്ച റിപ്പോർട്ട്. വരുമാനം ഏറെ ലഭിക്കുന്ന രാജ്യങ്ങളിൽ ഉയർന്ന ഹെൽത്ത് സ്റ്റാർ റേറ്റിംഗുള്ള ഉത്പ്പന്നങ്ങളാണ് വിൽക്കുന്നത്. വലിയൊരു വേർതിരിവാണ് നടക്കുന്നതെന്നാണ് ATNi റിപ്പോർട്ട്. 30 പ്രധാന ഭക്ഷണ-പാനീയ കമ്പനികളിൽ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ആരോഗ്യ റേറ്റിംഗ് സിസ്റ്റത്തിൽ കുറഞ്ഞ സ്‌കോർ നേടിയതായി കണ്ടെത്തി.
ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉപയോഗിക്കുന്ന ഹെൽത്ത് സ്റ്റാർ റേറ്റിംഗ് (HSR) സിസ്റ്റം ആണിത്. 0 മുതൽ 5 വരെ സ്റ്റാറുകൾ നൽകി ഉത്പ്പന്ന ഗുണനിലവാരം രേഖപ്പെടുത്തുന്നു. അഞ്ച് സ്റ്റാറുകൾ 3.5 സ്റ്റാറുകൾ വരെ മികച്ച ഗുണനിലവാരമുള്ളതായി കണക്കാക്കുന്നു. അതേസമയം വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പ്പന്നങ്ങളുടെ ശരാശരി റേറ്റിംഗ് 1.8 സ്റ്റാർ മാത്രമാണ്. സമ്പന്ന രാജ്യങ്ങളിൽ വിൽക്കുന്നയ്‌ക്ക് ശരാശരി 2.3 സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്
കൊക്കകോള, മൊണ്ടെലെസ് തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. യു.എസ്. കഴിഞ്ഞാൽ യുണിലിവറിന്റെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. ലോക ജനസംഖ്യയുടെ 70 ശതമാനവും താഴ്ന്ന ഇടത്തരം വരുമാനമുളള രാജ്യങ്ങളിലാണ് താമസിക്കുന്നത്. നേരത്തെ നെസ്ലയുടെ ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.