ചെന്നൈയിൽ ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ച് രോഗിയുടെ മകൻ. അമ്മയ്ക്ക് തെറ്റായ മരുന്ന് നൽകിയെന്നും ഡോക്ടറുടെ അശ്രദ്ധ കാരണമാണ് അമ്മയുടെ രോഗം ഭേദമാകാത്തതെന്നും ആരോപിച്ചാണ് രോഗിയുടെ മകൻ ഡോക്ടറെ കുത്തിയത്. ചെന്നൈയിലെ കലൈഞ്ജർ ആശുപത്രിയിലാണ് സംഭവം. കാൻസർ വാർഡിൽവെച്ച് ഓങ്കോളജിസ്റ്റ് ഡോക്ടർ ബാലാജിയെയാണ് രോഗിയുടെ മകനായ വിഘ്നേഷ് ആക്രമിച്ചത്.
സംഭവശേഷം കത്തി വലിച്ചെറിഞ്ഞ് യുവാവ് ആശുപത്രി വരാന്തയിലൂടെ നടന്നുപോകുകയും ‘അവൻ ഡോക്ടറെ വെട്ടി, ഇപ്പോഴെങ്കിലും പിടിക്കൂ’ എന്ന് കണ്ടുനിന്നവർ വിളിച്ചുപറയുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ 24-കാരനായ യുവാവിനെ പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പങ്കുവെച്ചത്.
ആക്രമണത്തിന് ഉപയോഗിച്ച കത്തി വിഘ്നേഷ് പോക്കറ്റിൽ നിന്ന് പുറത്തെടുക്കുന്നതും രക്തം തുടയ്ക്കാൻ ശ്രമം നടത്തിയ ശേഷം കത്തി വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം.