ചേലക്കര: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങൾ പറയുന്നതിന് വിലക്കുള്ള ദിവസം വാർത്തസമ്മേളനം വിളിച്ച് സർക്കാറിനെയും മുഖ്യമന്ത്രിയെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച പി.വി. അൻവറിന്റെ വക കേന്ദ്ര സർക്കാറിന് ഗുഡ് സർട്ടിഫിക്കറ്റ്. ‘ബി.ജെ.പി ചെയ്യുന്ന നല്ല കാര്യങ്ങളെ സപ്പോർട്ട് ചെയ്യണം’ എന്നായിരുന്നു ഉപദേശം.
ജൻധൻ അക്കൗണ്ട്, മുദ്ര വായ്പ തുടങ്ങി കേന്ദ്ര സർക്കാർ പദ്ധതികൾ പലതും ചേലക്കര മണ്ഡലത്തിലെ പാവങ്ങൾക്ക് ലഭ്യമാക്കുന്നില്ലെന്ന് വിവരിക്കുമ്പോഴാണ് അൻവർ കേന്ദ്രപദ്ധതികളെ പിന്താങ്ങിയത്.കേരളത്തിൽ ചേലക്കരയിലേതുപോലെ മോശമായ ഉന്നതികൾ വേറെയില്ലെന്നും ഈ അവസ്ഥ ചർച്ചചെയ്യാൻ നവംബർ 20ന് സന്നദ്ധ സംഘടനകളുടെ യോഗം വിളിക്കുന്നുണ്ടെന്നും പറഞ്ഞു.
ഡിസംബർ 23ന് മലയോര നിവാസികളുടെ വിഷയങ്ങൾ ഉന്നയിച്ച് കാസർകോട്ടുനിന്ന് ജാഥ തുടങ്ങും. കോൺഗ്രസും ബി.ജെ.പിയും പാവങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.