Tuesday, December 24, 2024
HomeBreakingNewsകെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ; കടുത്ത നടപടികളുമായി സർക്കാർ

കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ; കടുത്ത നടപടികളുമായി സർക്കാർ

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികളുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ എൻ. പ്രശാന്തിനും സസ്പെൻഡ് ചെയ്തു.

മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. അഡീഷനൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി.

മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിരുന്നു. ഫോൺ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടിൽ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തത്.

നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഡി.ജി.പിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

കെ. ഗോപാലകൃഷ്ണൻറെ നടപടികൾ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ ഡി.ജി.പിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് കൈമാറിയ നടപടിയിലാണ് കമീഷണർ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നൽകും മുൻപ് ഗോപാലകൃഷ്ണൻ ഫോണുകൾ ഫോർമാറ്റ് ചെയ്തു. മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. ഇതിനാൽ ഫൊറൻസിക് പരിശോധനയിൽ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments