വാഷിങ്ടണ്‍: അമേരിക്കയില്‍ പരസ്പരം ജീവനെടുത്ത് ദമ്പതികള്‍. വാഷിങ്ടണിലാണ് സംഭവം. ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഒന്നുമറിയാതെ വീഡിയോ ഗെയിം കളിക്കുകയായിരുന്നു പതിനൊന്നുകാരനായ മകന്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം നടന്നത്. എന്നാല്‍ സംഭവം പുറത്തറിയുന്നത് ഇപ്പോഴാണ്.
ജുവാന്‍ അന്റോണിയോ അല്‍വരാദോ( 38), സെസീലിയ റോബ്ലെസ് ഒക്കോവ (39) എന്നിവരാണ് പരസ്പരം ഏറ്റുമുട്ടി മരിച്ചത്. ഒറിഗോണില്‍ നിന്ന് 50 മൈല്‍ അകലെ പോര്‍ട്ട്‌ലാന്‍ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും വിവാഹമോചനം നേടാന്‍ ഇരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം താമസ സ്ഥലത്തെ അടുക്കളയില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു. ഇരുവരുടേയും ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
ഇരുവരും മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മകന്‍ വിവരമറിയുന്നത്. അടുക്കളയില്‍ മൃതദേഹം കണ്ട കുട്ടി 911ല്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന ഒരു തോക്കും കത്തിയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.