ലോകത്തെ അതി സമ്പന്നനെ ബിസിനസ് പഠിപ്പിക്കേണ്ട കാര്യമില്ല. ഏത് അവസരവും പണമാക്കി മാറ്റാനുള്ള സ്വന്തം കഴിവ് ഒന്നുകൂടി മിനുക്കിയെടുത്തിരിക്കുകയാണ് ഇലോണ്‍ മസ്‍ക്. യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ അതിസമ്പന്നന്‍ നാല് ദിവസം കൊണ്ട് ഉണ്ടാക്കിയത് 4.15 ലക്ഷം കോടി രൂപയാണ്.
ഇതിന് ചെലവാക്കിയതാകട്ടെ ഏകദേശം 1,079 കോടി രൂപയും. ട്രംപിന്‍റെ വലിയ സപ്പോട്ടറാണ് ഇലോണ്‍ മസ്‍ക്. തിരഞ്ഞെടുപ്പ് സമയത്ത് ട്രംപ് അനുകൂല പോസ്റ്റുകളിട്ടും ട്രംപ് അനുകൂല പോസ്റ്റുകള്‍ക്ക് എക്സില്‍ പരിഗണന നല്‍കിയും മസ്‍ക് തന്നെകൊണ്ട് പറ്റുന്ന സഹായം നല്‍കിയിരുന്നു.
ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടി ആകെ 130 മില്യണ്‍ ഡോളറാണ് മസ്‍ക് ചെലവാക്കിയത്. ഏകദേശം 1079 കോടി രൂപയോളം വരുമതിത്. ഇതില്‍ 75 മില്യണ്‍ ഡോളറോളം ചെലവാക്കിയത് അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി വഴിയാണ്.
എന്നാല്‍ ട്രംപിന്‍റെ വിജയ ശേഷം വെറും നാല് ദിവസം കൊണ്ട് ചെലവാക്കിയതിന്‍റെ പലമടങ്ങാണ് മസ്‍ക് സ്വന്തമാക്കിയത്. 50 ബില്യണ്‍ ഡോളറിനടുത്താണ് മസ്‍ക് ആസ്തിയില്‍ കൂട്ടിച്ചേര്‍ത്തത്. ഏകദേശം 4.15 ലക്ഷം കോടി രൂപ. ഇതിനൊക്കെ കാരണമായതാകട്ടെ മസ്‍കിന്‍റെ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ വര്‍ധനവും.
വെള്ളിയാഴ്ച ടെസ്‍ല ഓഹരികള്‍ ഏകദേശം 8.20 ശതമാനം നേട്ടത്തില്‍ 321.22 ഡോളറിലാണ് ക്ലോസ് ചെയ്തത്. ടെസ്‍ലയുടെ വിപണി മൂല്യം 1.03 ട്രില്യണ്‍ ഡോളറിലെത്തി. ചൊവ്വാഴ്ചയിലെ ക്ലോസിങ് വിലയില്‍ നിന്ന് ഏകദേശം 28 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്. ഇതോടെ സമ്പത്തില്‍ 50 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്ത് മസ്‍കിന്‍റെ ആകെ ആസ്തി മൂല്യം 313.7 ബില്യണ്‍ ഡോളറായി.
മസ്‍കിന് അനുകൂലമാകും ട്രംപിന്‍റെ പുതിയ നയങ്ങളെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ടെസ്‍ലയില്‍ വിശ്വാസമര്‍പ്പിച്ചതാണ് കുതിപ്പിന് കാരണം.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ ടെസ്‍ലയ്ക്ക് മുന്നേറ്റ സാധ്യതയാണ് കാണുന്നത്. ട്രംപ് സര്‍ക്കാറിന്‍റെ നയങ്ങള്‍ ടെസ്‍ലയ്ക്ക് എതിരാളികളെ കുറയ്ക്കും എന്നാണ് കണക്കുകൂട്ടുന്നത്. ചൈനീസ് ഇറക്കുമതിക്ക് നികുതിക്ക് നിര്‍ദ്ദേശിക്കുന്നതാണ് ട്രംപിന്‍റെ നയം. ഉയര്‍ന്ന ഇറക്കുമതി തീരുവ വരുന്നതോടെ ചൈനീസ് ഇലക്ട്രിക്ക്
വാഹനങ്ങളുടെ ഭീഷണി യുഎസ് വിപണിയില്‍ നിന്നും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം മസ്‍കിന്‍റെ സ്‌പേസ് എക്‌സിനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്‍കിനെ കൂടാതെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെയും ഒറാക്കിള്‍ ലാറി എലിസനും നേട്ടമുണ്ടാക്കി. ക്രിപ്റ്റോ കമ്പനികളായ ബോയിന്‍ബേസിന്‍റെ ബ്രയാൻ ആംസ്ട്രോങ്, ബിയാന്‍സിന്‍റെ ചാങ്‌പെങ് ഷാവോ എന്നിവരും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയവരാണ്.