വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 248 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറ്റം തുടരുന്നു. 214 വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയം ട്രംപിനെന്ന സൂചനയാണ് നിലവിലെ തിരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്നത്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു.
ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സർവേ ഫലം. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്. സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിന്നു. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.