വാഷിങ്ടണ്‍: അമേരിക്കയിലെ സെലിബ്രിറ്റി അണ്ണാന്‍ ‘പീനട്ടി’നെ ദയാവധത്തിന് വിധേയമാക്കിയതില്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്. ബുദ്ധിഹീനവും ഹൃദയശൂന്യവുമായ ‘കൊലപാതക യന്ത്ര’മാണ് ബൈഡന്‍ ഭരണകൂടമെന്ന് മസ്‌ക് ആരോപിച്ചു.
പീനട്ടിനെ ദയാവധത്തിന് വിധേയമാക്കിയതിന് മസ്‌ക് ട്വീറ്റും ചെയ്തിട്ടുണ്ട്. ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അണ്ണാന്മാരെ രക്ഷിക്കും.’ അണ്ണാന്റെ ചിത്രവും കരയുന്ന ഇമോജിയും ചേര്‍ത്ത് മസ്‌ക് കുറിച്ചു. ‘ആര്‍.ഐ.പി പി’നട്ട്’ എന്നും അദ്ദേഹം എക്‌സിലെ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
തീര്‍ന്നില്ല, പീനട്ടിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സ്റ്റാര്‍ വാര്‍സിലെ കഥാപാത്രമായ ഒബി-വാന്‍-കെനോബിയായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രവും മസ്‌ക് പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളെന്നെ കൊന്നാല്‍, നിങ്ങള്‍ കരുന്നതിനും അപ്പുറം ശക്തിയുള്ളവനായി ഞാന്‍ മാറും-ഒബി പിനട്ട് കെനോബി’ എന്നാണ് ഈ ചിത്രത്തിനൊപ്പം മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ന്യൂയോര്‍ക്കുകാരനായ മാര്‍ക്ക് ലോംഗോ ആയിരുന്നു പീനട്ടിന്റെ സംരക്ഷകന്‍. പീനട്ടിന്റെ അമ്മ വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് അവനെ ഏറ്റെടുത്ത് സംരക്ഷിച്ചത്. ഏഴുകൊല്ലത്തോളമായി അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു പീനട്ട്. Peanut The Squirrel112 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏറെ പ്രശസ്തനായിരുന്നു ഈ അണ്ണാന്‍. ലോകമെമ്പാടും നിരവധി ആരാധകരുമുണ്ടായിരുന്നു.
പീനട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചുവെന്നും പേവിഷ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാണ് ദയാവധം നടത്തിയതെന്നും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സെര്‍വേഷനും (ഡി.ഇ.സി.) ഷെമങ് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റും അറിയിച്ചു. പീനട്ടിനെ കൂടാതെ ഒരു റാക്കൂണിനെയും മാര്‍ക്ക് സംരക്ഷിച്ചിരുന്നെന്നും ഇത് അനധികൃതമായിരുന്നെന്നും ഡി.ഇ.സി. കൂട്ടിച്ചേര്‍ത്തു.