വലെൻസിയ: യൂറോപ്പ് ഇന്നുവരെ സാക്ഷ്യംവഹിച്ചതില്‍വെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്പെയിൻ അഭിമുഖീകരിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സ്പെയിനിന്റെ ആധുനിക ചരിത്രത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ കൂടുതൽ പതിവുള്ളതും വിനാശകരവുമാക്കുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.2021-ൽ ജർമനിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുമുൻപ് 1970-ൽ 209 പേർ റൊമേനിയയിലും 1967-ൽ 500 പേർ പോർച്ചുഗലിലും വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞു. ഇവയാണ് യൂറോപ്പ് ഇതിനുമുൻപ് സാക്ഷ്യംവഹിച്ച വലിയ പ്രകൃതി ദുരന്തങ്ങൾ.
എട്ട് പേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച രക്ഷാസംഘം കണ്ടെത്തിയതായി മേയർ മരിയ ജോസ് കാറ്റാല മാധ്യമപ്രവർത്തകരോട് പറഞ്ഞു. വലൻസിയ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗാരേജിൽ കുടുങ്ങിയ ഒരു ലോക്കൽ പോലീസുകാരനും ഇതിലുൾപ്പെടുന്നു. അതേസമയം മാഡ്രിഡിലെ കേന്ദ്ര ഭരണകൂടം പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാനും രക്ഷാപ്രവർത്തകരെ അയക്കാനും വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.