കണ്ണൂർ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസില്‍ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ കസ്റ്റഡിയിൽ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ കണ്ണപുരത്ത് ദിവ്യ കീഴടങ്ങുകയായിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. മെഡിക്കൽ പരിശോധനക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും.
ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും ദിവ്യക്ക് നൽകിയിട്ടില്ലെന്നും ജാമ്യഹരജി കോടതിയുടെ മുന്നിലുള്ളതിനാലാണ് അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പൊലീസ് കമീഷണർ പറഞ്ഞു. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ, പൊലീസിനെ അറിയിച്ച ശേഷം കണ്ണപുരത്ത് പാർട്ടി പ്രവർത്തകർക്കൊപ്പമെത്തി കീഴടങ്ങുകയായിരുന്നെന്നാണ് വിവരം.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് രാവിലെ ദിവ്യയുടെ ജാമ്യഹരജി തള്ളിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് കാരണമായതോടെ പാർട്ടി നിർദേശത്തെ തുടർന്നാണ് കീഴടങ്ങലെന്നാണ് വിവരം.
ഒക്ടോബർ 15നാണ് എ.ഡി.എം കെ. നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിൽ പോവുകയായിരുന്നു.
യോഗത്തിൽ ക്ഷണിക്കാതെയെത്തിയ ദിവ്യ നടത്തിയ ആറുമിനിറ്റ് പ്രസംഗം എ.ഡി.എമ്മിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതെന്നും സ്വന്തം സഹപ്രവർത്തകർക്കു മുന്നിൽ നടത്തിയ വ്യക്തിഹത്യയാണ് മരണകാരണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കേസിൽ കക്ഷി ചേർന്ന നവീന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഇതേ വാദം ആവർത്തിച്ചു.
ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു. ഇനി പാർട്ടിതല നടപടിക്കും സാധ്യതയുണ്ട്. നിലവിൽ സി.പി.എം ജില്ല കമ്മിറ്റിയംഗമാണ് ദിവ്യ.