വാഷിംഗ്ടൺ : വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെ രണ്ട് അമേരിക്കൻ എയർലൈൻസ് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:10-ഓടെയായിരുന്നു സംഭവം. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ടേക്ക് ഓഫിനായി നീങ്ങുകയായിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 638, ഫ്ലൈറ്റ് 2152-ന്റെ ചിറകിൽ തട്ടുകയായിരുന്നു. രണ്ട് ബോയിംഗ് 737-800 വിമാനങ്ങളുടെ ചിറകുകളുടെ അറ്റങ്ങൾ തമ്മിലാണ് സ്പർശിച്ചത്. ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം അടിയന്തര രക്ഷാപ്രവർത്തകരെയും അഗ്നിശമന സേനയെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഇരു വിമാനങ്ങളോടും ഗേറ്റിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു.
കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനം ശക്തമായി കുലുങ്ങിയതായും യാത്രക്കാർ പരിഭ്രാന്തരായതായും ഷിക്കാഗോയിലേക്ക് പോകുകയായിരുന്ന ഫ്ലൈറ്റ് 2152-ലെ ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ ഒരു വിമാനത്തിന്റെ ചിറകിന്റെ അറ്റം അടർന്ന് റൺവേയിൽ വീണു. ഡാളസ്-ഫോർട്ട് വർത്തിലേക്ക് പോകേണ്ടതായിരുന്നു രണ്ടാമത്തെ വിമാനമായ ഫ്ലൈറ്റ് 638.ഇരു വിമാനങ്ങളിൽ നിന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഇവരെ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കിയതായി അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. പരിശോധനയ്ക്കായി വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്.എ.എ അന്വേഷണം പ്രഖ്യാപിച്ചു.
2025 ജനുവരിയിൽ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ച അതേ വിമാനത്താവളത്തിലാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത് എന്നത് യാത്രക്കാരിൽ വലിയ ആശങ്കയുണ്ടാക്കി.

