Saturday, November 28, 2026
HomeNewsമൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിമർശനം തുടർന്ന് ഹൈക്കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിമർശനം തുടർന്ന് ഹൈക്കോടതി

കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതികളായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിമർശനം തുടർന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായെന്ന് അറിയിച്ച എട്ട് കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം.

കോടതി നിർദേശപ്രകാരം നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി എസ്. ശശിധരനോട് കാലതാമസത്തിന്റെ കാരണം ജസ്റ്റിസ് എ. ബദറുദീൻ ആരാഞ്ഞു. ആറു വർഷമായി കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള കേസുകളിൽ ഇത്തരമൊരു കാലതാമസം ഉണ്ടായതും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണത്തിൽ വിമുഖത കാട്ടുകയാണോ, ഇതിനു പിന്നിൽ ആരെങ്കിലുമുണ്ടോ, അതോ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എസ്പി വ്യക്തമാക്കി. ചില രേഖകൾ ലഭിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കാൻ തടസ്സമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.ശബരിമല സ്വർണക്കൊള്ള കേസ് ഉൾപ്പെടെ നിരവധി കേസുകൾ അന്വേഷിക്കുന്നതിനാൽ വലിയ ജോലിഭാരമുണ്ടെന്നും ശശിധരൻ കോടതിയെ അറിയിച്ചു. ശബരിമല കേസിലെ ഫയലുകൾ പോലും കഴിഞ്ഞ ഒരാഴ്ചയായി പരിശോധിക്കാൻ സമയം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ പിന്തുണച്ച സർക്കാർ അഭിഭാഷകൻ, അന്വേഷണസംഘം ഗാലറിക്കുവേണ്ടി പ്രവർത്തിക്കുന്നവരല്ലെന്നും കോടതിക്കൊപ്പമാണെന്നും വ്യക്തമാക്കി. നിരവധി കേസുകൾ ഒരേസമയം അന്വേഷിക്കേണ്ടിവരുന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) ഇച്ഛാശക്തിക്ക് എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

നിലവിൽ പുൽപ്പള്ളിയിലെ ഒരു കേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രണ്ടാമത്തെ പുൽപ്പള്ളി കേസിൽ ഒരാഴ്ചയ്ക്കകം കുറ്റപത്രം നൽകാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ശേഷിക്കുന്ന കേസുകളിലെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധിയും അന്വേഷണത്തിന്റെ തൽസ്ഥിതിയും ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ ശേഷിക്കുന്ന ഏഴ് കേസുകളിലെ അന്വേഷണ പുരോഗതിയും കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയക്രമവും വ്യക്തമാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments