തിരുവനന്തപുരം : ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ അയൽ സംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളുടെ ‘കള്ളക്കളി’ നടന്നതായും ഇത് സുരക്ഷ പാളിച്ചയാണെന്നുമുള്ള വിലയിരുത്തലിൽ പൊലീസ്. വെർച്വൽ ക്യൂ ബുക്കിങ് നടക്കുകയും ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊലീസ് സൈബർ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ദേവസ്വംമന്ത്രി കെ. മുരളീധരന്‍റെ ആവശ്യാനുസരണം എ.ഡി.ജി.പി പി. വിജയന്‍റെ നിർദേശമനുസരിച്ച് നടത്തുന്ന അന്വേഷണത്തിൽ ചില കള്ളക്കളികൾ നടന്നതായാണ് വ്യക്തമാകുന്നത്. വെർച്വൽ ക്യൂ ബുക്കിങ്ങിൽ ആധാർ നമ്പറിന് പകരം ട്രാവൽ ഏജൻസികൾ വ്യാജ നമ്പറുകൾ ഉപയോഗിച്ചതായുള്ള സംശയവും ഉയരുന്നു
വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലെ പാളിച്ചകളും ഇതിന് സഹായകമായെന്നാണ് വിലയിരുത്തൽ. അയൽ സംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ വെർച്വൽ ക്യൂ ബുക്കിങ് നടത്തിയപ്പോൾ ആധാർ നമ്പർ നൽകേണ്ടയിടത്ത് വെറും അക്കങ്ങൾ ചേർത്തപ്പോൾ ബുക്കിങ് പൂർണമായെന്നും ഇതാണ് ‘കള്ളക്കളി’ക്ക് കാരണമായതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ആധാർ വെരിഫിക്കേഷനുള്ള സംവിധാനം ഇല്ലാതിരുന്നതും ഈ കള്ളക്കളിക്ക് ട്രാവൽ ഏജൻസികൾക്ക് സഹായകമായെന്നാണ് കണക്കുകൂട്ടുന്നത്.
മൊബൈൽ നമ്പർ ഉപയോഗിച്ച് കൂട്ടത്തോടെ ബുക്ക് ചെയ്യാനാകുന്നതും അവർക്ക് ഗുണമായി. കൃത്യമായ പേരും മേൽവിലാസവും നൽകിയില്ലെന്നും പൊലീസ് സംശയിക്കുന്നു. ഇത് ശബരിമല പോലെ വലിയ തീർഥാടന കേന്ദ്രത്തിൽ എത്തുന്നവരുടെ കാര്യത്തിൽ ഗുരുതര സുരക്ഷാപിഴവായാണ് വിലയിരുത്തുന്നത്.വൻകിട ട്രാവൽ ഏജൻസികൾ ബുക്ക് ചെയ്ത സ്ലോട്ടുകൾ പണത്തിന് തീർഥാടകർക്ക് വിറ്റതായാണ് വിലയിരുത്തൽ. വിൽക്കാനാകാത്ത സ്ലോട്ടുകൾ ഒഴിഞ്ഞു കിടക്കുകയും തെലങ്കാന, കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് ഭക്തർക്ക് ബുക്ക് ചെയ്യാൻ സാധിക്കാത്തതുമാണ് തീർഥാടനകാലത്തിന്‍റെ ആദ്യ ആഴ്ചയിൽ തീർഥാടകരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായി വിലയിരുത്തുന്നത്. ഒ.ടി.പി സംവിധാനം ഉപയോഗിച്ച് ആധാർ വെരിഫിക്കേഷൻ നടത്തുന്ന നടപടി കർക്കശമാക്കി. ഇതോടെ മുമ്പ് കൂട്ടത്തോടെ നടത്തിയ പല ബുക്കിങ്ങുകളും റദ്ദാക്കുകയാണെന്ന വിവരമാണ് ലഭിക്കുന്നത്.
ആരൊക്കെയാണ് സ്ലോട്ടുകൾ റദ്ദുചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമം ദേവസ്വം ബോർഡും പൊലീസും നടത്തിവരികയാണ്. ഇത്തരത്തിലുള്ള തട്ടിപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളിൽ ബുക്കിങ് സംവിധാനത്തിന്‍റെ സോഫ്ട്വെയറിലുൾപ്പെടെ കാര്യമായ മാറ്റം വരുത്താനുള്ള നടപടികളും ആരംഭിച്ചതായാണ് വിവരം. മാസ് ബുക്കിങ് രീതി നിർത്തലാക്കി വെർച്വൽ ക്യൂ ബുക്കിങ് പരിഷ്കരിക്കാൻ ദേവസ്വം ബോർഡിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

