വാഷിംങ്ടൺ: ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ സ്ത്രീകളുടെ ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി മിഷേൽ ഒബാമ. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകാനുള്ള കമലാ ഹാരിസിന്റെ ശ്രമത്തെ പിന്തുണക്കാൻ പുരുഷന്മാരെ ശനിയാഴ്ച മിഷിഗണിൽ നടന്ന ഒരു റാലിയിൽ മിഷേൽ വെല്ലുവിളിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ അപകടകരമായ പ്രവണതകൾക്ക് കാരണമാകുന്നുവെന്ന് ഗർഭച്ഛിദ്രാവകാശങ്ങൾക്കെതിരായ ആക്രമണത്തെ മുൻ പ്രഥമ വനിത വിശേഷിപ്പിച്ചു.
സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നുവെന്നും അവർ പറഞ്ഞു. കമലയെ പിന്തുണച്ചുകൊണ്ട് ആവേശഭരിതമായിരുന്നു അവരുടെ വാക്കുകൾ. ‘എല്ലാ അളവിലും തയ്യാറാണെന്ന് അവർ തെളിയിച്ചു. യഥാർത്ഥ ചോദ്യം ഒരു രാജ്യം എന്ന നിലയിൽ ഈ നിമിഷത്തിന് നമ്മൾ തയ്യാറാണോ? എന്നും കമലയെ പരാമർശിച്ച് പറഞ്ഞു.
ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെഷനില്‍ സംസാരിച്ചതിന് ശേഷം മിഷേല്‍ ഒബാമ പ്രചാരണത്തിന്റെ ഭാഗമാകുന്നത് കമലാ ഹാരിസിന്റെ പ്രചാരണ റാലിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളുടെ ജീവിതത്തിനും താൽപര്യങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമല ഹാരിസ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.