കെയ്റോ : ഈജിപ്തിലെ ഗീസയിലുള്ള പ്രധാന റിംഗ് റോഡിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റിവന്ന വാഹനം മറിഞ്ഞ് വൻ അപകടം. സംഭവത്തിൽ 31 പേർ കൊല്ലപ്പെടുകയും 21 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗീസയിലെ അൽ-വറാക്ക് (Al-Warraq) ജില്ലയിൽ ഒരു തുരങ്കത്തിന് മുകളിലൂടെയുള്ള റിംഗ് റോഡിലാണ് അപകടം നടന്നത്. പെട്രോളിയം വഹിച്ചിരുന്ന വാഹനം മറിഞ്ഞതിനെ തുടർന്ന് ആളിപ്പടർന്ന തീയിൽ റോഡിലുണ്ടായിരുന്ന കാറുകളും മിനിബസുകളും മോട്ടോർസൈക്കിളുകളും ഉൾപ്പെടെ 27-ഓളം വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു.
വാഹനങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിപ്പോയെന്നും തീയണയ്ക്കുന്നതിനോ പുറത്തിറങ്ങുന്നതിനോ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ തീ ആളിപ്പടരുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി 39 ആംബുലൻസുകൾ സംഭവസ്ഥലത്ത് വിന്യസിച്ചതായി ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിരിച്ചറിയാൻ സാധിക്കാത്ത വിധം മൃതദേഹങ്ങൾ കരിഞ്ഞുപോയതിനാൽ ഇരകളെ തിരിച്ചറിയുന്നതിനായി പബ്ലിക് പ്രൊസിക്യൂഷൻ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ഉത്തരവിട്ടു.
അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകളും നാശനഷ്ടങ്ങളുടെ വ്യാപ്തിയും അധികൃതർ വിലയിരുത്തി വരികയാണ്. കെയ്റോ, ഗീസ, ഖല്യൂബിയ തുടങ്ങിയ മേഖലകളെയും പ്രധാന ഹൈവേകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയാണ് ഈ റിംഗ് റോഡ്.

