വാഷിങ്ടൺ : യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കാത്തതിനെതിരേ രൂക്ഷവിമർശനവുമായി ട്രംപ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടും പലിശ നിരക്ക് വർധിപ്പിച്ച് സെൻട്രൽ ബാങ്ക് രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയെ ഒരു മാതൃകയായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
പലിശ നിരക്ക് വർധിപ്പിച്ചത് രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയാൻ ഇടയാക്കിയെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രീയലക്ഷ്യങ്ങളാണ് ഇത്തരം നടപടിക്ക് പിന്നിലെന്നും യുഎസ് ഫെഡറൽ റിസർവ് ഒരു രാഷ്ട്രീയ സ്ഥാപനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കിൽ അമേരിക്കയ്ക്ക് 15 മുതൽ 20 ശതമാനം വരെ ജിഡിപി വളർച്ച നേടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച സാമ്പത്തിക കണക്കുകൾ പുറത്തുവരുമ്പോൾ പലിശനിരക്ക് കുറയ്ക്കാനുള്ള മികച്ച ക്രെഡിറ്റ് രാജ്യത്തിന് ലഭിക്കുകയാണെന്നും എന്നാൽ സെൻട്രൽ ബാങ്ക് ചെയ്യുന്നത് ഇതിന് നേരെ വിപരീതമാണെന്നും ട്രംപ് ആരോപിച്ചു.
ഫെഡറൽ റിസർവിന് രാഷ്ട്രീയതാൽപര്യങ്ങൾ ഉള്ളതുകൊണ്ടാണ് പലിശനിരക്ക് വളരെയധികം ഉയർന്നുനിൽക്കുന്നത്. സാമ്പത്തിക വളർച്ചയുടെ മികച്ച കണക്കുകൾ പുറത്തുവിടുമ്പോഴെല്ലാം അവർ പലിശനിരക്ക് ഉയർത്തുന്നു. ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് അവരത് ചെയ്യുന്നത്. എന്നാൽ, അങ്ങനെയല്ല ചെയ്യേണ്ടത്. രാജ്യം തകർക്കാനാണ് അവരങ്ങനെ ചെയ്യുന്നത്.’, ട്രംപ് പറഞ്ഞു.

