മലപ്പുറം : ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി. ഓൺലൈൻ വഴി വാങ്ങിയ ക്രീമിലാണ് 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. മുഖക്കുരു, കരുവാളിപ്പ് എന്നിവ പോകുമെന്നായിരുന്നു ക്രീമിന്റെ കമ്പനി അവകാശപ്പെട്ടിരുന്നത്.
ഫെയ്സ് ക്രീം കമ്പനിക്കെതിരെ ഉഭഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസമാരുടെ വീഡിയോ കണ്ടാണ് ഓൺലൈനിൽ ഫെയറ്നസ് ക്രീം ഓർഡർ ചെയതത്. നൈറ്റ് ക്രീം ആയി ആണ് ഉപയോഗിച്ചിരുന്നത്. പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നായിരുന്നു ഇന്സ്റ്റഗ്രാമിൽ വ്യാപകമായി ഈ കമ്പനി നടത്തിയിരുന്ന വാഗ്ദാനം.
കൃത്യമായ രോഗനിർണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും ജീവൻ രക്ഷിച്ചതായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റല്‍ അധികൃതർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.’മെംബ്രനസ് നെഫ്രോപ്പതി’ എന്ന അതിസങ്കീർണ രോഗാവസ്ഥയാണ് പെണ്‍കുട്ടിയെ ബാധിച്ചത്. രക്തത്തിലും ശരീരത്തിലും അപകടകരമാംവിധം മെർക്കുറി കണ്ടെത്തി. തുടർന്ന്, നെഫ്രോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. എസ്.ഗൗരി നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യ വർധക ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്.കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഈ ഫെയർനെസ് ക്രീമില്‍ 1.25 ശതമാനം മെർക്കുറി അടങ്ങിയതായി സ്ഥിരീകരിച്ചത്. സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്റെ മാനദണ്ഡപ്രകാരം സൗന്ദര്യവർധക വസ്തുക്കളില്‍ മെർക്കുറി പാടില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ അളവ് ഒരു പി.പി.എമ്മില്‍ കൂടരുത്. എന്നാല്‍, 12,500 പി.പി.എം മെർക്കുറിയാണ് ക്രീമില്‍ കണ്ടെത്തിയത്.മെർക്കുറി ശരീരത്തില്‍ പ്രവേശിച്ചാല്‍ വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന ‘നെഫ്രോട്ടിക് സിൻഡ്രോ’മിലേക്കെത്തുകയും ചെയ്യും.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കകളുടെ പ്രവർത്തനം നിലക്കുകയും നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യും. വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ വൻപ്രചാരം നേടിയ ക്രീം ഓണ്‍ലൈൻ വഴിയാണ് വാങ്ങിയതെന്നും ഒരു വർഷത്തോളം ഉപയോഗിച്ചെന്നും കൂടെ പഠിക്കുന്ന കുട്ടികളില്‍നിന്ന് അറിഞ്ഞാണ് വാങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തില്‍ ഇടപെടല്‍ വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തില്‍ 17കാരിയും പിതാവും നെഫ്രോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് എസ്. ഗൗരി, സി.ഒ.ഒ സി.വി. റോബിൻ, സി.എം.എസ് ഡോ. സഹീർ കൊയപ്പൊത്തൊടിക എന്നിവരും പങ്കെടുത്തു.

