വാഷിങ്ടൺ: രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും, ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്‌റാനുമായി നേരത്തെ നടത്തിയ ചർച്ചകൾ വെറും സമയനഷ്ടമായിരുന്നുവെന്നും അവസരം ലഭിച്ചാൽ ഇതേ തീരുമാനം തന്നെ വീണ്ടും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾക്കിടെ ഒപ്പുവെച്ച ധാരണാപത്രം പുരോഗതി വൈകിപ്പിച്ചുവെങ്കിലും, ഇറാൻ ഉദ്യോഗസ്ഥരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിഗമനത്തിൽ എത്താൻ അത് വാഷിങ്ടണിനെ സഹായിച്ചുവെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ‘ആ കാലയളവിൽ ഞങ്ങൾക്ക് അവരെ നന്നായി അറിയാൻ സാധിച്ചു, അവരെ വിശ്വസിക്കാൻ കഴിയില്ലെന്നും ഞങ്ങൾ മനസ്സിലാക്കി’ അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം കൈകാര്യം ചെയ്ത രീതിയെ ന്യായീകരിച്ച ട്രംപ്, തന്റെ തീരുമാനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമായി വിലയിരുത്തപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ’ഇത് വീണ്ടും ചെയ്യേണ്ടി വന്നാൽ, നിങ്ങൾ അത് വീണ്ടും ചെയ്യുമോ? തീർച്ചയായും അതെ എന്നാണ് ഉത്തരം’-ട്രംപ് പറഞ്ഞു. സംഘർഷം തെരഞ്ഞെടുപ്പുകളെ ബാധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, രാഷ്ട്രീയ നേട്ടങ്ങളോ പരിഗണനകളോ ആയിരിക്കില്ല തന്റെ തീരുമാനങ്ങളെ നയിക്കുന്നതെന്നും വ്യക്തമാക്കി.

