Thursday, November 19, 2026
HomeNewsട്രംപിന് വൻ സ്വീകരണം ഒരുക്കി ചൈന: ഉഭയ കക്ഷി ചർച്ചകളിൽ ഉറ്റുനോക്കി രാജ്യങ്ങൾ

ട്രംപിന് വൻ സ്വീകരണം ഒരുക്കി ചൈന: ഉഭയ കക്ഷി ചർച്ചകളിൽ ഉറ്റുനോക്കി രാജ്യങ്ങൾ

ഷെൻഷെൻ : ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ചരിത്രപരമായ ത്രികക്ഷി ചർച്ചകൾക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചൈനയിലെ ഷെൻഷെനിൽ ഒത്തുചേർന്നു. ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ട്രംപും പുടിനും ബുധനാഴ്ച നേരിട്ട് കണ്ടുമുട്ടിയത്.

ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിക്കായി ഷെൻഷെനിൽ എത്തിയ ട്രംപിന് വൻ സ്വീകരണമാണ് ചൈന നൽകിയത്. വിമാനത്താവളത്തിൽ നേരിട്ടെത്തിയ ഷി ജിൻപിങ്, ട്രംപിനെ ആലിംഗനം ചെയ്തും ഹസ്തദാനം നൽകിയും വരവേറ്റു. തുടർന്ന് വിരുന്നിന് മുന്നോടിയായി ട്രംപും പുടിനും തമ്മിൽ സൗഹൃദസംഭാഷണം നടത്തി.ഉച്ചകോടിയുടെ ഭാഗമായി വ്യാഴാഴ്ച ട്രംപും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. എന്നാൽ, മൂന്ന് ലോകനേതാക്കളും ആദ്യമായി ഒരുമിച്ച് പങ്കെടുക്കുന്ന വ്യാഴാഴ്ചത്തെ യുഎസ്-ചൈന-റഷ്യ ത്രികക്ഷി ചർച്ചകളിലാണ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും.

ചർച്ചകളുടെ പൂർണ്ണമായ അജണ്ട പുറത്തുവിട്ടിട്ടില്ലെങ്കിലും യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങൾ, ആണവ വ്യാപനം, വ്യാപാര സംഘർഷങ്ങൾ, നിർമ്മിത ബുദ്ധി രംഗത്തെ മാറ്റങ്ങൾ എന്നിവ ചർച്ചയായേക്കും. ത്രികക്ഷി ചർച്ചകൾക്കായി പരമാവധി ഒരു മണിക്കൂർ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. 2025 ഓഗസ്റ്റിൽ അലാസ്കയിൽ നടന്ന ചർച്ചകൾക്ക് ശേഷം ആദ്യമായാണ് ഇരുനേതാക്കളും നേരിട്ട് കാണുന്നത്.

യുക്രെയ്നിന്റെയോ യൂറോപ്പിന്റെയോ പ്രതിനിധികളുടെ അഭാവത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ആശങ്ക രേഖപ്പെടുത്തി. അതേസമയം, ലോകസമാധാനവും തന്ത്രപരമായ സ്ഥിരതയും സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ചൈന വ്യക്തമാക്കി.

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെ പുറത്താക്കിയ വിവാദങ്ങൾക്കിടെയാണ് ട്രംപിന്റെ സന്ദർശനം. ചാരവൃത്തി ആരോപണം ചൈന തള്ളിക്കളഞ്ഞിട്ടുണ്ട്.

ട്രംപ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഷെൻഷെനിൽ എത്തിയ പുടിൻ, ഷി ജിൻപിങ്ങുമായി രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നു. റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം “കൊടുങ്കാറ്റുകളാൽ ഇളകാത്ത പർവ്വതം പോലെ ഉറച്ചതാണെന്ന്” ഷി ജിൻപിങ് പ്രതികരിച്ചു. അമേരിക്കയുമായും ബഹുമാനത്തിലും സമത്വത്തിലും അധിഷ്ഠിതമായ ക്രിയാത്മക ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments